ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ പാലിക്കണം ഈ രണ്ട് വ്യവസ്ഥകള്‍

  • ശബരിമല വിമാനത്താവളത്തിന് വ്യവസ്ഥകളോടെ അനുമതി
  • വിമാനത്താവളവും വസ്തു ഏറ്റെടുക്കലും സംബന്ധിച്ച് നിരവധി കേസുകളാണ് കോടതികളില്‍ നിലവിലുള്ളത്

Update: 2023-01-01 15:41 GMT


പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് വ്യവസ്ഥകളോടെ അനുമതി. വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും രണ്ട വ്യവസ്ഥകള്‍ പാലിച്ചെങ്കില്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.

അതില്‍ ഒന്നാമത്തെ വ്യവസ്ഥ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ടതാണ്. 2023 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് ഒരു വിദഗ്ധ സമിതി പരിശോധിക്കും എന്നതാണ് വ്യവസ്ഥ.

കൂടാതെ കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലും എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ചിരിക്കണം. എങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

ചെറുവള്ളി എസ്റ്റേറ്റിന്റെ കവാടം വരുന്നത് പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലാച്ചേരി ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുക്കടയിലാണ്. 2263 ഏക്കര്‍ വിസ്തൃതിയിലുള്ള എസ്റ്റേറ്റില്‍ കാഞ്ഞിരപ്പള്ളി തെക്ക്, മണിമല വില്ലേജ് എന്നിവ ഉള്‍പ്പെടുന്നു. കിഴക്ക് എരുമേലിയും പരിസരവുമാണ്. പൊന്തന്‍പുഴ വനമേഖലയാണ് തെക്കുപടിഞ്ഞാറുള്ളത്.

എസ്റ്റേറ്റിനു അരികിലൂടെ വടക്കുകിഴക്കുഭാഗത്തായി മണിമലയാര്‍ ഒഴുകുന്നു. ഒരു വശത്തു മലയും മറുവശത്തു സംസ്ഥാനപാതയും അതിരിടുന്നു. ഇതുപോലെ മറ്റൊരിടത്ത് പുഴയും എതിര്‍ വശത്തായി വനവും അതിരിടുന്നു. ഇതുകൂടാതെ മുക്കടയില്‍ റബ്ബര്‍ ബോര്‍ഡിന്റെ തോട്ടവും അടുത്തായി ഉണ്ട്.

വിമാനത്താവളവും വസ്തു ഏറ്റെടുക്കലും സംബന്ധിച്ച് നിരവധി കേസുകളാണ് കോടതികളില്‍ നിലവിലുള്ളത്. ഇതെല്ലാം നിലനില്‍ക്കെയാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ചെറുവള്ളി തോട്ടം തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് അമേരിക്കയിലെ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ് കമ്പനിയായ ലൂയിസ് ബര്‍ജറാണ്

കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി.യുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച ശേഷം കോടതിയുടെ തീര്‍പ്പിന് വിധേയമായി തീരുമാനമെടുക്കുക എന്ന ധാരണയിലെത്തിയത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്ന് ബിലിവേഴ്സ് ചര്‍ച്ച് വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഇടപാട് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.ശബരിമല ഏയര്‍പോട്ടിനായി സ്ഥലം ഏറ്റെടുക്കാന്‍ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്. ഇടയ്ക്കൊന്ന് ആവേശം കെട്ടെങ്കിലും വീണ്ടും സജീവമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

Tags:    

Similar News