രാജ്യത്തെ പത്ത് ആശുപത്രികളിലൊന്ന്: അപൂര്‍വ നേട്ടവുമായി എസ്.എ.ടി. ആശുപത്രി

Update: 2022-12-30 10:27 GMT


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടം പിടിച്ചിരിക്കുന്നത്. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. സമയബന്ധിതമായി സെന്റര്‍ ഓഫ് എക്‌സലന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസിയനുസരിച്ചാണ് അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ മികവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.എ.ടി.യെ തെരഞ്ഞെടുത്തത്. ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിര്‍ണയം, ചികിത്സ എന്നിവ എസ്.എ.ടി. ആശുപത്രിയില്‍ സാധ്യമാണ്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്.

ഏതെങ്കിലും ഒരു അപൂര്‍വ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ അപൂര്‍വ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴിയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.


Tags:    

Similar News