ബോക്‌സ് ഓഫീസില്‍ മണി കിലുക്കം; 300 കോടി ക്ലബ്ബിലേക്ക് കൂടുതല്‍ ചിത്രങ്ങള്‍

  • റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ബോളിവുഡ് ചിത്രവും 300 കോടി ക്ലബ്ബിലേക്ക് എത്തി
  • ഗദ്ദര്‍ 2 റിലീസ് ദിനത്തില്‍ 40.10 കോടി രൂപയാണ് കളക്റ്റ് ചെയ്തത്
  • ജുലൈയില്‍ റിലീസ് ചെയ്ത ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറും, ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബിയും തിയേറ്ററുകളിലേക്ക് പ്രേക്ഷകനെ എത്തിച്ച ചിത്രങ്ങളാണ്

Update: 2023-08-19 05:49 GMT

ഉത്സവപ്രതീതിയിലാണ് ബോക്‌സ് ഓഫീസ്. സമീപകാലത്ത് റിലീസ് ചെയ്ത വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രങ്ങളെല്ലാം തന്നെ മികച്ച കളക് ഷന്‍ നേടുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

കോവിഡ്-19നെ തുടര്‍ന്ന് തിയേറ്ററുകളിലേക്ക് വരുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിട്ടിരുന്നു. ഇതിനു പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും തിയേറ്ററുകള്‍ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങള്‍ തിയേറ്ററുകള്‍ക്ക് പുതുജീവനേകി.

ജുലൈയില്‍ റിലീസ് ചെയ്ത ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറും, ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബിയും തിയേറ്ററുകളിലേക്ക് പ്രേക്ഷകനെ എത്തിച്ച ചിത്രങ്ങളാണ്.

പിന്നീട്, ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത രജനികാന്ത് ചിത്രമായ ജയിലര്‍ 400 കോടി രൂപ കളക്റ്റ് ചെയ്ത് മുന്നേറുകയാണ്. ജയിലര്‍ക്കു ശേഷം ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ഗദ്ദര്‍ 2 എന്ന ബോളിവുഡ് ചിത്രവും 300 കോടി രൂപ കളക്റ്റ് ചെയ്തു. ഓഗസ്റ്റ് 18നാണ് ചിത്രം 300 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചത്.

ജുലൈ 28ന് റിലീസ് ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ബോളിവുഡ് ചിത്രവും 300 കോടി ക്ലബ്ബിലേക്ക് എത്തി.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരണ്‍ ജോഹര്‍ ' റോക്കി ഔര്‍ റാണി കി പ്രേം കഹാനി ' യിലൂടെ തിരിച്ചെത്തി എന്ന പ്രത്യേകതയുമുണ്ട്.

ചലച്ചിത്ര മേഖലയിലെത്തിയിട്ട് കരണ്‍ ജോഹര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷം കൂടിയാണ് 2023. സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ്, അവതാരകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് കരണ്‍ ജോഹര്‍.

റോക്കി ഔര്‍ റാണി കി പ്രേം കഹാനിക്കു പുറമെ കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഖം, മൈ നെയിം ഈസ് ഖാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും കരണ്‍ ജോഹറാണ്.

റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ്. ഇവര്‍ക്കു പുറമെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന ആസ്മി തുടങ്ങിയ സീനിയര്‍ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ഗദ്ദര്‍ 2. 

1947-ലെ ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ' ഗദ്ദര്‍: ഏക് പ്രേം കഥ' യുടെ തുടര്‍ച്ചയാണ് ഗദ്ദര്‍ 2. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഗദ്ദര്‍ 2 റിലീസ് ദിനത്തില്‍ 40.10 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. രണ്ടാം ദിനത്തില്‍ 43.08 കോടി രൂപയും, മൂന്നാം ദിനത്തില്‍ 51.70 കോടിയും, നാലാം ദിനത്തില്‍ 38.70 കോടിയും, ഓഗസ്റ്റ് 15ന് 55.40 കോടിയും, ഓഗസ്റ്റ് 16ന് 32.37 കോടിയും കളക്റ്റ് ചെയ്തു. ഓഗസ്റ്റ് 17ന് 23.28 കോടി രൂപ കളക്റ്റ് ചെയ്തു. റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ 19.5 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

ഗദ്ദര്‍ 2 റിലീസ് ചെയ്തതിന്റെ എട്ടാം ദിനത്തില്‍ 305.15 കോടി രൂപ കളക്റ്റ് ചെയ്തു.

Tags:    

Similar News