എണ്ണയല്ല, ഇനി കൊളംബിയയുടെ പ്രധാന കയറ്റുമതി കൊക്കെയ്ന്‍

  • കൊളംബിയയുടെ കൊക്കെയ്ന്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 193 കോടി ഡോളര്‍ മൂല്യം വരുന്ന 1,738 ടണ്ണായി ഉയര്‍ന്നു
  • 2022-ല്‍ കൊക്കെയ്ന്‍ കയറ്റുമതിയിലൂടെ കൊളംബിയ നേടിയ വരുമാനം 18.2 കോടി ഡോളറായിരുന്നു

Update: 2023-09-16 09:55 GMT

എണ്ണയായിരുന്നു കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യം പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ അതെല്ലാം പഴങ്കഥയാവുകയാണ്. ഇനി മുതല്‍ രാജ്യം അറിയപ്പെടുന്നത് ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്നായിരിക്കും.

ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിന്റെ കണക്ക്പ്രകാരം, കൊക്കെയ്ന്‍, എണ്ണയെ മറികടന്നു കൊളംബിയയുടെ പ്രധാന കയറ്റുമതിയായി മാറുമെന്നാണ്.

മയക്കുമരുന്നിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ മൃദു നയം സ്വീകരിക്കുന്നതിനാല്‍ കൊളംബിയയില്‍ മയക്കുമരുന്നിന്റെ ഉല്‍പ്പാദനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയയുടെ എണ്ണ കയറ്റുമതിയില്‍ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മറുവശത്ത് കൊക്കെയ്ന്‍ വ്യാപാരത്തിന്റെ നില ഉയരുകയും ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ കൊളംബിയയുടെ കയറ്റുമതിയില്‍ ഒന്നാം നമ്പര്‍ സ്ഥാനം കൊക്കെയ്ന്‍ നേടുമെന്നാണു ബ്ലൂംബെര്‍ഗ് ഇക്കണോമിസ്റ്റ് ഫെലിപ്പ് ഹെനാന്‍ഡെസ് പറയുന്നത്.

2022-ല്‍ കൊക്കെയ്ന്‍ കയറ്റുമതിയിലൂടെ കൊളംബിയ നേടിയ വരുമാനം 18.2 കോടി ഡോളറായിരുന്നു. അതേ സമയം എണ്ണ കയറ്റുമതിയിലൂടെ രാജ്യം നേടിയത് 19.1 കോടി ഡോളറുമായിരുന്നു.

യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം റിപ്പോര്‍ട്ട് അനുസരിച്ച്, കൊളംബിയയുടെ കൊക്കെയ്ന്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 193 കോടി ഡോളര്‍ മൂല്യം വരുന്ന 1,738 ടണ്ണായി ഉയര്‍ന്നു.

1991-നു ശേഷം ഇത് ആദ്യമായിട്ടാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കൊക്കെയ്ന്‍ ഉല്‍പ്പാദനം എത്തിയിരിക്കുന്നത്.

കൊക്കെയ്ന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൊക്ക നട്ടുപിടിപ്പിച്ചത് മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം ഉയര്‍ന്ന് 2022-ല്‍ 2,30,000 ഹെക്ടറിലെത്തി.

Tags:    

Similar News