അവസാന ത്രൈമാസഫലം പുറത്തുവിട്ട് ജ്യോതിലാബ്‌സ്; 60.42% വളര്‍ച്ച

  • വാര്‍ഷിക അറ്റാദായം 50.6% കുതിച്ചു
  • ഫാബ്രിക് കെയര്‍ പ്രൊഡക്ടുകള്‍ വരുമാനം നല്‍കി
  • പ്രവര്‍ത്തന വരുമാനവും ഉയര്‍ന്നു

Update: 2023-05-03 16:00 GMT

എഫ്എംസിജി മേഖലയിലെ വന്‍കിട കമ്പനികളൊന്നായ ജ്യോതി ലാബ്‌സിന് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ മികച്ച ആദായം. മൂന്ന് മാസത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 60.42 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. 59.26 കോടി രൂപയാണിത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 36.94 കോടിരൂപയുടെ അറ്റാദായമായിരുന്നു നേടിയിരുന്നത്. ഉജാല, പ്രില്‍, മാര്‍ഗോ, എക്‌സോ തുടങ്ങിയ ബ്രാന്റുകളൊക്കെ മികച്ച വരുമാനമാണ് സ്വന്തമാക്കിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 12.84 ശതമാനം വര്‍ധനവോടെ 616.95 കോടി രൂപയായി.

നാലാംപാദത്തില്‍ മൊത്തം ചിലവ് 540.71 കോടി രൂപയാണ്. 6.49 ശതമാനത്തിന്റെ വര്‍ധനവ് ഇക്കാര്യത്തിലുണ്ടായത്. അതേസമയം മൊത്തം വരുമാനം 12.7 ശതമാനം കുതിച്ചുയര്‍ന്ന് 622.65 കോടിയായി. ഫാബ്രിക് കെയറില്‍ നിന്ന് മാത്രം 255.33 കോടിരൂപയും ഡിഷ്‌വാഷ് പ്രൊഡക്ടുകളില്‍ നിന്ന് 206.24 കോടി രൂപയുമാണ് നേടിയത്. ഗാര്‍ഹിക കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 79.97 കോടി രൂപ നേടിയിട്ടുണ്ട്.പേഴ്‌സണല്‍ കെയര്‍ പ്രൊഡക്ടുകളുടെ വിപണനത്തിലൂടെ 52.38 കോടി രൂപയുടെ വരുമാനവും ഉണ്ടാക്കി.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജ്യോതിലാബ്‌സിന്റെ അറ്റാദായം 50.6% ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം 159.13 കോടിരൂപയാണ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 239.73 കോടിരൂപയായിട്ടുണ്ട്. പ്രവര്‍ത്തന വരുമാനം 13.18 % ഉയര്‍ന്ന് 2486.02 കോടി രൂപയായി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഇക്കഴിഞ്ഞ മൂന്ന് വര്‍ഷവും ഇരട്ട അക്ക വരുമാന വളര്‍ച്ച നേടാനായതായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എംആര്‍ ജ്യോതി പറഞ്ഞു.

Tags:    

Similar News