പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിംഗ് 22.5 ശതമാനം

വൈകുന്നേരം ആറു മണി വരെയാണു പോളിംഗ്. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്

Update: 2023-09-05 05:51 GMT

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു.3 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 22.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,76,417 വോട്ടര്‍മാരാണുള്ളത്.

വൈകുന്നേരം ആറു മണി വരെയാണു പോളിംഗ്. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് രാവിലെ എട്ട് മണിയോടെ മണര്‍കാട് കണിയാംകുന്ന് യുപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയാണ്. പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനാകില്ല.

പുതുപള്ളി ഉള്‍പ്പെടെ ഇന്ന് രാജ്യത്തെ ഏഴ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ജാര്‍ഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍, ഉത്തര്‍പ്രദേശിലെ ഖോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍, ബംഗാളിലെ ധൂപ്ഗുരി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലാണു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം സെപ്റ്റംബര്‍ എട്ടാം തീയതി പ്രഖ്യാപിക്കും.

ധൂപ്ഗുരി (പശ്ചിമബംഗാള്‍), പുതുപ്പള്ളി (കേരളം), ഭാഗേശ്വര്‍ (ഉത്തരാഖണ്ഡ്), ധുമ്രി (ജാര്‍ഖണ്ഡ്), ബോക്‌സാനഗര്‍ (ത്രിപുര) എന്നിവിടങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണു വോട്ടെടുപ്പ് നടക്കുന്നത്. ഖോസി (ഉത്തര്‍പ്രദേശ്), ധന്‍പൂര്‍ (ത്രിപുര) മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഖോസി മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ ദാരാ സിംഗായിരുന്നു എംഎല്‍എ. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ധന്‍പൂരില്‍ ബിജെപിയുടെ എംഎല്‍എ പ്രതിമ ഭൗമിക് ലോക്‌സഭാ സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണു മണ്ഡലത്തില്‍ ഒഴിവ് വന്നത്.

ബോക്‌സാനഗറില്‍ സിപിഐ (എം) എംഎല്‍എ സംസുള്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭാഗേശ്വറില്‍ ബിജെപി എംഎല്‍എയായിരുന്ന ചന്ദന്‍ രാംദാസിന്റെ നിര്യാണമാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.

ധുമ്രിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എയായിരുന്ന ജഗര്‍നാഥ് മഹ്‌തോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ധൂപ്ഗുരി മണ്ഡലത്തില്‍ ബിജെപി എംഎല്‍എയായിരുന്ന ബിഷ്ണു പദ റായ്‌യുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News