സമ്പന്നനായ ക്രിക്കറ്റര്‍ ധോണിയോ സച്ചിനോ അല്ല, ഈ താരമാണ്

  • സച്ചിന്റെ ആകെ ആസ്തി ഏകദേശം 1,250 കോടി രൂപയാണ്
  • ധോണിയുടെ ആസ്തി ഏകദേശം 1,040 കോടി രൂപ
  • മികച്ച പ്രകടനത്തിലൂടെ ജനകോടികളുടെ മനസിലിടം നേടിയവരാണ് സച്ചിനും ധോണിയും

Update: 2023-07-07 10:38 GMT

ലോകത്തിലെ സമ്പന്നനായ ക്രിക്കറ്റര്‍ ആരാണ് ? പലരുടെയും മനസില്‍ അതിനുള്ള ഉത്തരമായി വരുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറോ എം.എസ്.ധോണിയോ വിരാട് കോഹ്‌ലിയോ എന്നൊക്കെയായിരിക്കും.

കരിയറിലെ മികച്ച പ്രകടനത്തിലൂടെ ജനകോടികളുടെ മനസിലിടം നേടിയവരാണ് ഇവരെല്ലാവരും. നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചും, ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരായും ഇവര്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്.

സച്ചിന്റെ ആകെ ആസ്തി ഏകദേശം 1,250 കോടി രൂപയും ധോണിയുടെ ആസ്തി ഏകദേശം 1,040 കോടി രൂപയുമാണ്.

എന്നിരുന്നാലും ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം എന്ന പദവിക്ക് ഇതൊന്നും അവരെ അര്‍ഹരാക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമെന്ന പദവി സമര്‍ജിത്‌സിന്‍ രഞ്ജിത് സിംഗ് ഗെയ്ക് വാദാണ് കരസ്ഥമാക്കിയിരിക്കുന്നത്.

അദ്ദേഹം ഒരു ഫസ്റ്റ് ക്ലാസ് ബാറ്റ്‌സ്മാനായിരുന്നു. 1967-ല്‍ ജനിച്ച സമര്‍ജിത്, ഗുജറാത്തിലെ ബറോഡയില്‍ നിന്നുള്ള പ്രമുഖ ഗെയ്ക്‌വാദ് കുടുംബാംഗമാണ്.

ബറോഡയിലെ മുന്‍രാജാവും രഞ്ജിത് സിംഗ് പ്രതാപ് സിംഗ് ഗെയ്ക്‌വാദിന്റെയും സുബംഗിനിരാജെയുടെയും ഏക അവകാശിയുമാണ് അദ്ദേഹം. 2012-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് സമര്‍ജിത് മഹാരാജാ പദവിയിലേക്ക് ഉയരുകയും 20,000 കോടി രൂപയിലധികം മൂല്യമുള്ള ഒരു വലിയ സമ്പത്തിന് അവകാശിയായി മാറുകയും ചെയ്തു.

സമര്‍ജിത്തിന് ഇപ്പോള്‍ 55 വയസ്സുണ്ട്. ബറോഡയിലെ രാജകുടുംബത്തിന്റെ തലവനാണിപ്പോള്‍.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള വസതിയായി കണക്കാക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരം സമര്‍ജിത്തിന്റെ കുടുംബത്തിന്റെ കൈവശമുണ്ട്.

രാജകീയ ചുമതലകള്‍ക്കു പുറമെ ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ വിശാലമായ മൈതാനത്തിനുള്ളില്‍ ഗോള്‍ഫ് കളിക്കാനും അദ്ദേഹം സമയം ചെലവഴിക്കുന്നു.

ക്രിക്കറ്റില്‍ സജീവമായിരുന്നപ്പോള്‍ സമര്‍ജിത് കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെ സമര്‍ജിത് പ്രതിനിധീകരിച്ചിട്ടുണ്ട്.

ജിക്യു ഇന്ത്യയുടെ കണക്കനുസരിച്ച്, പ്രശസ്ത കലാകാരനായ രാജാ രവി വര്‍മയുടെ അതിവിശിഷ്ടമായ ചിത്രങ്ങളും അമൂല്യമായ സ്വര്‍ണ, വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ, അമൂല്യ നിധികളുടെ ഒരു ശേഖരം സമര്‍ജിത്തിന് പൈതൃകമായി ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഗുജറാത്തിലും ബനാറസിലും വ്യാപിച്ചുകിടക്കുന്ന 17 ക്ഷേത്രങ്ങളുടെ ട്രസ്റ്റിന് മേല്‍നോട്ടവും വഹിക്കുന്നുണ്ട്.

Tags:    

Similar News