എല്ലാവർക്കും പറക്കാൻ ഉഡാന്‍ സ്‌കീം
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു പ്രാദേശിക എയര്‍പോര്‍ട്ട് വികസന പരിപാടിയാണ് ഉഡാന്‍ സ്‌കീം.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു പ്രാദേശിക എയര്‍പോര്‍ട്ട് വികസന പരിപാടിയാണ് ഉഡാന്‍ സ്‌കീം. ഉഡാന്‍ എന്നാല്‍ 'ഉദേ ദേശ് കാ ആം നാഗ്രിക്'...
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു പ്രാദേശിക എയര്‍പോര്‍ട്ട് വികസന പരിപാടിയാണ് ഉഡാന്‍ സ്‌കീം. ഉഡാന്‍ എന്നാല്‍ 'ഉദേ ദേശ് കാ ആം നാഗ്രിക്' എന്നതിന്റെ ചുരുക്കപ്പേരാണ്. 'രാജ്യത്തെ എല്ലാവരും പറക്കട്ടെ' എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. സര്‍വീസ് ഇല്ലാത്ത എയര്‍ റൂട്ടുകള്‍ നവീകരിക്കുന്നതിനുള്ള റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന്റെ (RCS) ഭാഗവുമാണ് ഈ പദ്ധതി. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും സാമ്പത്തിക വികസനം, തൊഴില്‍ വളര്‍ച്ച, വ്യോമഗതാഗത അടിസ്ഥാന സൗകര്യ വികസനം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് ഉഡാന്‍ സ്‌കീം മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
വിമാന യാത്ര ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്നതും സര്‍വീസ് എല്ലാവരിലേക്കും വ്യാപിപ്പിക്കുക എന്നതുമാണ് സ്‌കീം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ തുടക്കത്തില്‍, മൊത്തം 486 എയര്‍പോര്‍ട്ടുകളില്‍ 406 എണ്ണം സര്‍വീസ് ചെയ്യാത്ത വിമാനത്താവളങ്ങളായിരുന്നു. 97 നോണ്‍-ആര്‍സിഎസ് എയര്‍പോര്‍ട്ടുകളില്‍ 27 എണ്ണം മാത്രമേ മികച്ച സേവനം നല്‍കുന്ന വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.
സ്ഥിരമായ ഫിക്‌സഡ്-വിംഗ് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകളുള്ള 18 പ്രാദേശിക പ്രവര്‍ത്തന വിമാനത്താവളങ്ങളില്‍ 12 എണ്ണമാണ് പ്രവര്‍ത്തനക്ഷമമായി ഉണ്ടായിരുന്നത്. ഇത്തരത്തില്‍ അവികസിത പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനവും പ്രവര്‍ത്തനവും ത്വരിതപ്പെടുത്തിക്കൊണ്ട് ഉഡാന്‍ പദ്ധതിയിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു സ്‌കീം ലക്ഷ്യമിട്ടത്.
2016 ജൂണ്‍ 15-ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഷണല്‍ സിവില്‍ ഏവിയേഷന്‍ പോളിസിയുടെ (NCAP) ഒരു പ്രധാന ഘടകമാണ് ഉഡാന്‍ പദ്ധതി. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായാണ് ധനസഹായം നല്‍കുന്നത്. പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റുമായി 'ധാരണാപത്രം' ഒപ്പിട്ടുകൊണ്ട് നിരവധി സംസ്ഥാനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഉഡാന്‍ ആര്‍സിഎസ് 2018-2019 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 100 പ്രാദേശിക വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ, ഒരു വര്‍ഷം 13 ലക്ഷം യാത്രാ സീറ്റുകള്‍, 200 കോടി രൂപ വരുമാനം ,വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) എന്നിവ ലക്ഷ്യം വച്ച് പുതിയ പ്രാദേശിക റൂട്ടുകളെ ബന്ധിപ്പിക്കാനായിരുന്നു തീരുമാനം. യോഗ്യതയുള്ള റൂട്ടുകള്‍ക്ക് ഒരേ വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് മുതല്‍ ഏഴ് വരെ വിമാനങ്ങള്‍ ഉണ്ടായിരിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ കുറേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിലവില്‍ സ്‌കീമിനു കഴിഞ്ഞിട്ടുണ്ട്.
ഉഡാന്‍- ആര്‍സിഎസ്( റീജിയണല്‍ കണക്ടിവിറ്റി സ്‌കീം) നിരക്കുകള്‍
പദ്ധതി ആരംഭക്കുമ്പോള്‍ ഫിക്സഡ്-വിംഗ് എയര്‍ക്രാഫ്റ്റിന് (ഒരു ഫിക്‌സഡ് വിംഗ് ഫ്‌ലൈറ്റിന് കുറഞ്ഞത് 9 ആര്‍സിഎസ് സീറ്റുകളും പരമാവധി 40 ആര്‍സിഎസ് സീറ്റുകളും, കൂടാതെ ഒരു ഹെലി ഫ്‌ളൈറ്റിന് പരമാവധി 12 ഹെലികോപ്റ്റര്‍ ആര്‍സിഎസ് സീറ്റുകളും) 50% സീറ്റുകള്‍ക്ക് ഒരു മണിക്കൂറിന് ഫ്‌ളൈറ്റിന്റെ പരമാവധി നിരക്ക് 2,500 രൂപയാണ് നിശ്ചയിച്ചിരുന്നത്. ശേഷിക്കുന്ന 50% സീറ്റുകളുടെ വില മാര്‍ക്കറ്റ് നിരക്കിലായിരിക്കും. പരിധി നിശ്ചയിച്ച ആര്‍സിഎസ് നിരക്കുകളും ദൂരത്തെ അടിസ്ഥാനമാക്കി ഗ്രേഡ് ചെയ്യും, ഉദാ. 151-175 കിലോമീറ്റര്‍ ദൂരത്തിന് 1,420 രൂപ, 176-200 കിലോമീറ്റര്‍ ദൂരത്തിന് 1,500 രൂപ, എന്നിങ്ങനെ, പരമാവധി 800 കിലോമീറ്ററോ അതില്‍ കൂടുതലോ ദൂരത്തിന് പരമാവധി 3,500 രൂപ നിരക്ക് എന്നതായിരുന്നു കണക്ക്.
ഹെലികോപ്റ്റര്‍ സേവനങ്ങള്‍ക്കായി, ഓരോ 30 മിനിറ്റ് ഫ്‌ളൈറ്റിനും പരമാവധി നിരക്ക് 2,500 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ക്യാപ്ഡ് ഹെലികോപ്റ്റര്‍ നിരക്ക് ഫ്‌ളൈറ്റ് സമയത്ത് ഗ്രേഡ് ചെയ്യും, ഉദാ. 0 മുതല്‍ 30 മിനിറ്റ് വരെയുള്ള ഒരു ഫ്‌ളൈറ്റിന് 2,500 രൂപയും, 31 മുതല്‍ 35 മിനിറ്റ് വരെയുള്ള ഫ്‌ളൈറ്റിന് 2,900 രൂപയും. അങ്ങനെ മൊത്തം 60 മിനിറ്റോ അതില്‍ കൂടുതലോ ഫ്‌ളൈറ്റ് ദൈര്‍ഘ്യത്തിന് പരമാവധി 5,000 രൂപ നിരക്കും ആയിരുന്നു സര്‍ക്കാറിന്റെ നിര്‍ദ്ദേശം. പദ്ധതി 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിച്ചതിനു ശേഷം നീട്ടി നല്‍കുന്ന രീതിയിലായിരുന്നു ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയ ഇളവുകള്‍.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉഡാന്‍ സ്‌കീം വഴി ലഭിക്കുന്ന ഇളവുകള്‍:
- വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) വഴി വിമാനക്കൂലിക്ക് സബ്സിഡി നല്‍കുന്നു
- ടിക്കറ്റുകള്‍ക്ക് സേവന നികുതിയില്‍ ഇളവ്
- മറ്റ് ഓപ്പറേറ്റര്‍മാരുമായി UDAN-RCS ഫ്‌ലൈറ്റുകളുടെ കോഡ് പങ്കിടല്‍ അനുവദനീയമാക്കി
സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഉഡാന്‍ സ്‌കീം വഴി ലഭിക്കുന്ന ഇളവുകള്‍
- വാറ്റ് (അല്ലെങ്കില്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ജിഎസ്ടി) 10 വര്‍ഷത്തേക്ക് ഒരു ശതമാനമോ അതില്‍ കുറവോ ആയി കുറയ്ക്കുക
- വിമാനത്താവളങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് എണ്ണ കമ്പനികളെ ഏകോപിപ്പിക്കുക
- മള്‍ട്ടിമോഡല്‍ (റെയില്‍, റോഡ്, മെട്രോ, ജലപാതകള്‍ മുതലായവ) ഉള്‍നാടന്‍ കണക്റ്റിവിറ്റിയുള്ള വിമാനത്താവളത്തിന്റെ വികസനത്തിന് സൗജന്യ ഭൂമി നല്‍കുക.
- സൗജന്യ സുരക്ഷാ പരിശീലനം നല്‍കുക
- കുറഞ്ഞ നിരക്കില്‍ വെള്ളം, വൈദ്യുതി, മറ്റ് യൂട്ടിലിറ്റികള്‍ എന്നിവ ലഭ്യമാക്കുക
- വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന്റെ 20% വിഹിതം നല്‍കുക; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് 10% വിഹിതം മാത്രം
- എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ നിന്ന് അധിക ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന
സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു