യാത്ര ഓണ്‍ലൈന്‍ ഐപിഒ 15 മുതല്‍; പ്രൈസ് ബാന്‍ഡ് 135-142 രൂപ
775 കോടി രൂപ വരെ സമാഹരിക്കും
ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈൻ തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പനയുടെ (ഐപിഒ) പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചു ഒരു ഓഹരിക്ക് 135-142 രൂപയാണ് വില. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന ഇഷ്യും 20-ന് അവസാനിക്കും. നിക്ഷേപകർക്ക് 105 ഇക്വിറ്റി ഓഹരികളുടെ ഗുണിതങ്ങളിലേക്കാണ് ബിഡ്ഡ് സമര്‍പ്പിക്കാനാകുക. ഐപിഒയിൽ 602 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും 12,183,099 ഓഹരിയുടെ ഓഫർ ഫോർ സെയിലും ( ഒഎഫ് എസ്) ഉൾപ്പെടുന്നു.
ഇഷ്യുവിന്റെ ഉയർന്ന വിലയിൽ, ഐപിഒ-യില്‍ 775 കോടി രൂപ വരെ ലഭിക്കും. ഐപിഒയ്ക്ക് മുന്പ് റൈറ്റ്സ് ഇഷ്യൂ വഴി 62.01 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഒരു രൂപ മുഖവിലയുള്ള 2,627,697 ഇക്വിറ്റി ഓഹരികൾ, ഒരു ഓഹരിക്ക് 236 രൂപ എന്ന നിലയിലാണ് പ്രൊമോട്ടറായ ടിഎച്ച്സിഎല്‍ ട്രാവൽ ഹോൾഡിംഗ് സൈപ്രസിന് 2022 ഡിസംബർ 10ന് നല്കിയത്.
പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനത്തിലെ 150 കോടി രൂപ നിക്ഷേപങ്ങൾ, ഏറ്റെടുക്കലുകൾ, വളർച്ച എന്നിവയ്ക്കായി വിനിയോഗിക്കും. ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനും നിലനിര്‍ത്തുന്നതിനും, സാങ്കേതികവിദ്യക്കായും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും 392 കോടി രൂപ വരെ വിനിയോഗിക്കും,” യാത്ര ഓൺലൈൻ സിഇഒ ധ്രുവ് ശ്രിംഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ്, ഡിഎഎം ക്യാപിറ്റൽ അഡൈ്വസേഴ്‌സ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒ-യുടെ ലീഡ് മാനേജർമാര്‍. ലിങ്ക് ഇൻടൈം ഇന്ത്യയാണ് രജിസ്ട്രാര്‍.
ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം മുൻ സാമ്പത്തിക വർഷത്തിൽ 198 കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 380 കോടി രൂപയായി വർധിച്ചു. അറ്റാദായം 7.6 കോടി രൂപയാണ്.
