പൊതുമരാമത്ത് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
നേര്യമംഗലത്ത് പെരിയാറിനോട് ചേര്‍ന്നാണ് ട്രെയിനിംഗ് സെന്‍റര്‍
നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നൂതനമായ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി പൊതുമരാമത്ത് വകുപ്പിനെ പരമാവധി ആധുനികവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
1300 എഞ്ചിനീയര്‍മാരും 4500 അനുബന്ധ ജീവനക്കാരും ആറായിരത്തിനടുത്ത് മറ്റു ജീവനക്കാരും ഉള്‍പ്പെടുന്ന വകുപ്പാണ് പൊതുമരാമത്ത്. നേര്യമംഗലത്ത് പെരിയാറിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കര്‍ സ്ഥലത്താണ് 25.83 കോടി രൂപ മുടക്കി പരിശീലന കേന്ദ്രവും റസ്റ്റ് ഹൗസും നിര്‍മ്മിച്ചിട്ടുള്ളത്.
കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓഡിയോ വിഷ്വല്‍ ഹാള്‍, ലൈബ്രറി, അഞ്ച് സെമിനാര്‍ ഹാള്‍, കിച്ചണ്‍ , ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 4768 ചതുരശ്ര മീറ്റര്‍ വലുപ്പമാണ് ട്രെയ്‌നിങ് സെന്ററിനുള്ളത്.
പ്രായോഗിക പരിശീലനത്തിനായി 276 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ റീജിയണല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് നിലകളിലായി 3517 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള റസ്റ്റ് ഹൗസില്‍ 45 വിശ്രമ മുറികളും മൂന്ന് സ്യൂട്ട് മുറികളുമുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ടി.യു കുരുവിള, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം കണ്ണന്‍, വാര്‍ഡ് മെമ്പര്‍ സൗമ്യ ശശി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഷാജി മുഹമ്മദ്, പി.റ്റി ബെന്നി, ബാബു ഏലിയാസ്, എ.ടി പൗലോസ്, ബേബി പൗലോസ്, സാജന്‍ അമ്പാട്ട്, മനോജ് ഗോപി, ടി.പി രാമകൃഷ്ണന്‍, പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം ഡയറക്ടര്‍ എസ്.സജു, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. കെ ശ്രീമാല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെസ്സി മോള്‍ ജോഷ്വാ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
