വിപണികളുടെ ക്ലോസിംഗ് നഷ്‍ടത്തില്‍
- ഒക്റ്റോബറില്‍ ഇരു സൂചികകള്‍ക്കും 3 ശതമാനം വീതം ഇടിവ്
- ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇന്ന് പൊതുവേ ഇടിവ്
രണ്ട് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വീണ്ടും ഇടിവിലോട്ട് നീങ്ങി. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക്, മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായുള്ള ജാഗ്രത, പ്രതീക്ഷക്കൊത്ത് ഉയരാത്ത കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയാണ് നിക്ഷേപകരുടെ വികാരത്തെ നെഗറ്റിവായി ബാധിച്ചത്.
നിഫ്റ്റി 58 പോയിൻറ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 19,082.75 ലും സെൻസെക്സ് 238 പോയിൻറ് അഥവാ 0.37 ശതമാനം നഷ്ടത്തിൽ 63,874.93 ലും ക്ലോസ് ചെയ്തു. ഇരു സൂചികകളും ഒക്റ്റോബറില്‍ മൊത്തമായി 3 ശതമാനം വീതം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ടൈറ്റൻ കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ഏഷ്യൻ പെയിന്റ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ വിപണി നേട്ടത്തിലാണ്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 1,761.86 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 329.85 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 64,112.65 ൽ എത്തി. നിഫ്റ്റി 93.65 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 19,140.90 ൽ എത്തി.
