'ചെങ്കടലി'ല്‍ കരകാണാതെ ഉലഞ്ഞ് വിപണികള്‍

  • കഴിഞ്ഞ 9 വ്യാപാര സെഷനുകളില്‍ ഒന്നില്‍ മാത്രമാണ് വിപണി നേട്ടത്തില്‍ അവസാനിച്ചത്
  • ഏഷ്യന്‍ ഓഹരി വിപണികളില്‍ മിക്കതും ഇന്ന് നേട്ടത്തില്‍
  • നിരാശജനകമായ ചില കോര്‍പ്പറേറ്റ് പ്രകടനങ്ങളും നിക്ഷേപക വികാരത്തെ ബാധിച്ചു

Update: 2023-10-25 10:06 GMT

തുടര്‍ച്ചയായ അഞ്ചാം വ്യാപാര സെഷനിലും പച്ച തൊടാനാകാതെ ആഭ്യന്തര വിപണികളുടെ ക്ലോസിംഗ്. ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് താഴെ തുടരുന്നത്, യുഎസ് ട്രഷറി ആദായം 5 ശതമാനത്തിന് താഴെ എത്തിയത്, ചൈനയുടെ ഉത്തേജക നടപടികള്‍ എന്നിവയുടെ ഫലമായി മിക്ക ഏഷ്യന്‍ വിപണികളും നേട്ടത്തിലേക്ക് തിരിച്ചെത്തി, എങ്കിലും ഇന്ത്യന്‍ വിപണികള്‍ ഇന്ന് തുടക്കത്തിലെ നേട്ടത്തിനു ശേഷം നഷ്ടത്തിലേക്ക് തന്നെ നീങ്ങി. കഴിഞ്ഞ 9 വ്യാപാര സെഷനുകളില്‍ ഒന്നില്‍ മാത്രമാണ് വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. 

സെന്‍സെക്സ് 522.82 പോയിന്‍റ് (0.81%) നഷ്ടത്തോടെ 64,049.06ലും നിഫ്റ്റി 159.60 പോയിന്‍റ് (0.83%) നഷ്ടത്തോടെ 19,122.15ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.  അഞ്ചു ദിവസങ്ങളിലായി നിക്ഷേപകര്‍ക്കുണ്ടായ മൊത്തം നഷ്ടം 14 ലക്ഷം കോടിക്ക് മുകളിലാണെന്നാണ് കണക്കാക്കുന്നത്. 

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഇന്ത്യന്‍ വിപണികളെ കൂടുതലായി ബാധിക്കുന്നുവെന്നും നിരാശജനകമായ ചില കോര്‍പ്പറേറ്റ് പ്രകടനങ്ങള്‍ നിക്ഷേപക വികാരത്തെ നെഗറ്റിവായി ബാധിച്ചുവെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസ് ട്രഷറി ആദായം വീണ്ടും ഉയര്‍ന്ന് 5 ശതമാനത്തിന് അടുത്തേക്ക് എത്തിയതും പ്രതികൂലമായി. യുദ്ധത്തിന്‍റെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയരുന്നത് ഇന്ത്യയിലെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയും നിക്ഷേപകര്‍ക്കിടയില്‍ ശക്തമാക്കിയിട്ടുണ്ട്. 

ഇൻഫോസിസ്, എൻ ടി പിസി, ഇൻഡസ്‍ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, പവര്‍ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികളാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.  ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ, നെസ്ലെ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് വലിയ നേട്ടം കരസ്ഥമാക്കിയത്. 

ദസറ പ്രമാണിച്ച് ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 825.74 പോയിന്റ് അഥവാ 1.26 ശതമാനം ഇടിഞ്ഞ് 64,571.88 എന്ന നിലയിലെത്തി. നിഫ്റ്റി 260.90 പോയിന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 19,281.75 ലെത്തി.

Tags:    

Similar News