ആരോഗ്യ, കായിക രംഗം; കേരളവും ക്യൂബയും കൈകോര്‍ക്കും

  • ക്യൂബയുമായി ചേര്‍ന്ന് കേരളത്തില്‍ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം

Update: 2023-06-16 04:45 GMT

ആരോഗ്യ, കായിക മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ക്യൂബ. മുഖ്യമന്ത്രി പിണറായി വിജയനും ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ആരോഗ്യ- അനുബന്ധ മേഖലകളില്‍ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാര്‍മയുമായി (BioCubaFarma) സഹകരിച്ച് കേരളത്തില്‍ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബന്‍ ബയോടെക്‌നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകര്‍ഷണീയമായ മുന്നേറ്റങ്ങള്‍ കേരളത്തില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, കാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തമായ ക്യൂബന്‍ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ഒപ്പം വാര്‍ഷിക ശില്‍പശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീര്‍ഘമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തുടര്‍ നടപടികള്‍ക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനാണ് നീക്കം. കേരളത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കും ഇതിന് നേതൃത്വം വഹിക്കുക്കുക.

ആരോഗ്യ, ഗവേഷണ, നിര്‍മ്മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കൈവിടാതെ കായികവും

അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ക്യൂബയുടെ നേട്ടങ്ങള്‍ ഇനി കേരളത്തിനും മുതല്‍ കൂട്ടാകും. ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിക്രിയേഷന്റെ വൈസ് പ്രസിഡന്റ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ സംസ്ഥാനത്തെ കായിക താരങ്ങള്‍ ക്യൂബന്‍ പരിശീലകരെ ഏര്‍പ്പാടാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ കായികതാരങ്ങളെ ക്യൂബയിലേയ്ക്ക് പരിശീലനങ്ങള്‍ക്കായി അയക്കുന്നതിലുള്ള താല്പര്യവും സംസ്ഥാനം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

Tags:    

Similar News