കല്ലായി പുഴയിലെ പുലിമുട്ടുകള്‍ നീട്ടുന്നു, സഞ്ചാരികള്‍ക്ക് കാഴ്ച്ച വിരുന്നൊരുങ്ങും

  • തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളെയും തിരമാലകളില്‍ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് പുലിമുട്ട്

Update: 2023-03-15 07:45 GMT

കോഴിക്കോട്ടെ ബേപ്പൂരിനു പിന്നാലെ ചരിത്രപ്രസിദ്ധമായ കല്ലായി പുഴയുടെ അഴിമുഖത്ത് പുഴയുടെ ഇരുകരകളിലുമായി നിര്‍മിച്ച പുലിമുട്ട് ദീര്‍ഘിപ്പിക്കുന്നു. പുലിമുട്ടിന്റെ വികസനം 10.52 കോടി രൂപയ്ക്കാണ് യാഥാര്‍ഥ്യമാകുന്നത്. പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് കാഴ്ചവിരുന്നൊരുക്കും.

കല്ലായി അഴിമുഖത്ത് കടലും പുഴയും ചേരുന്ന ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ പുലിമുട്ട് ഉപകരിക്കും. പുഴയിലെ വെള്ളമൊഴുക്ക് സുഗമമാവാനും ഇതു വഴിയൊരുക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെല്ലാം പുലിമുട്ടുകളുണ്ട്.

കല്ലായി അഴിമുഖത്തോട് ചേര്‍ന്ന തീരദേശ സംരക്ഷണത്തിനായി ചെന്നൈ ഐഐടി നടത്തിയ പഠനത്തെ തുടര്‍ന്ന് നിര്‍ദേശിച്ചതാണ് പുഴയുടെ അഴിമുഖത്തോട് ചേര്‍ന്ന് ഇരുകരകളില്‍ നിന്നുമായി പുലിമുട്ടുകളുടെ നിര്‍മാണം. പുഴയുടെ വലതുകരയില്‍ നിന്നും 225 മീറ്റര്‍ നീളത്തിലും ഇടതുകരയില്‍ നിന്നും 325 മീറ്റര്‍ നീളത്തിലും പുഴയുടെ അഴിമുഖത്തിന് 150 മീറ്റര്‍ വീതി നിലനിര്‍ത്തിക്കൊണ്ടാണ് പുലിമുട്ടുകള്‍ വിഭാവനം ചെയ്തത്.

തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളെയും തിരമാലകളില്‍ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് പുലിമുട്ട്. കപ്പലുകള്‍ക്കു കരയിലേക്കടുക്കാനുള്ള പ്രവേശന കവാടം തുറന്നിട്ടുകൊണ്ടാണ് ഇവ നിര്‍മിക്കാറുള്ളത്. പുലിമുട്ടുകളാല്‍ സംരക്ഷിതമായ ശാന്തമായ സമുദ്രഭാഗം കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ അനുയോജ്യമാണ്. ചിലപ്പോള്‍ നിര്‍മാണാവശ്യങ്ങള്‍ക്കു വേണ്ടിയും ധാതുക്കളുടെയോ പ്രകൃതിവാതകത്തിന്റെയോ ഖനന സൗകര്യത്തിനു വേണ്ടിയും താല്‍ക്കാലിക പുലിമുട്ടുകള്‍ നിര്‍മിക്കുക പതിവാണ്.

കടലും പുഴയും സംഗമിക്കുന്ന അഴിമുഖങ്ങളില്‍ ഇവ നിര്‍മിക്കാറുണ്ട്. അഴിമുഖങ്ങളില്‍ ജലത്തിന്റെ പ്രവാഹശക്തി കുറയുന്നതിനാല്‍ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നു. ഇത് വലിയ ബോട്ടുകളും മറ്റും അടുക്കുന്നതിനും സഞ്ചരിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. പുഴയിലേക്കടിച്ചു കയറുന്ന തിരകളും ബോട്ടുകളടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്.

കരിങ്കല്ല്, കോണ്‍ക്രീറ്റ് ഫലകങ്ങള്‍, തടി എന്നിവ തുറമുഖത്തിന്റെ അടിവാരത്തുള്ള കടല്‍ത്തറയില്‍ അട്ടിയിട്ട് ഉയര്‍ത്തിയാണ് സ്ഥിരമായ പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്.വേലിയേറ്റഇറക്കങ്ങള്‍, കാറ്റ്, ജലപ്രവാഹങ്ങള്‍, സമുദ്രത്തിന്റെ ആഴം, തിരമാലകളുടെ ഘടന എന്നിവ പുലിമുട്ടുകളുടെ ആകൃതിയും സ്ഥാനവും നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

Tags:    

Similar News