കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ ഭക്ഷ്യവസ്തു ഗുണനിലവാര പരിശോധനാ ലാബ്

  • ധാരണയായത് കാലിക്കറ്റ് യൂണിവേഴ്സിറ്റി-കേരള കയറ്റുമതി ഫോറം ചര്‍ച്ചയില്‍

Update: 2023-03-20 08:30 GMT

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലബോറട്ടറികള്‍ ഒരുക്കാനും വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകള്‍ തുടങ്ങാനും വഴിയൊരുങ്ങുന്നു. ഇന്നലെ യൂണിവേഴ്സിറ്റി അധികൃതരും കേരള കയറ്റുമതി ഫോറം, ജില്ലാ വ്യവസായ കേന്ദ്രം ഭാരവാഹികളും യൂണിവേഴ്സിറ്റിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് സുപ്രധാന തീരുമാനമുണ്ടായത്.

കയറ്റുമതി വ്യവസായ വികസനത്തിനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയും കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറവും ധാരണയിലെത്തി. യൂണിവേഴ്സിറ്റി കാമ്പസില്‍ പാദരക്ഷകളുടെ നിലവാര പരിശോധനാ ലാബ് ഒരുക്കുന്നതും അന്താരാഷ്ട്ര നിലവാരമുള്ള കയറ്റുമതി പ്രദര്‍ശന കേന്ദ്രമൊരുക്കുന്നതും ചര്‍ച്ചയില്‍ വിഷയമായി.

നിലവില്‍ മലബാറില്‍ പഴം-പച്ചക്കറി തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സൗകര്യമില്ല. ഇതിനായി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ലബോറട്ടറികളെയും കൊച്ചിയിലെ എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ ലാബിനെയുമാണ് ആശ്രയിക്കുന്നത്. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(നാക്) ലാബും മലബാറിലില്ല.

ഇക്കാര്യം കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മലബാറില്‍ ഈ സൗകര്യമൊരുക്കാന്‍ മന്ത്രാലയം സന്നദ്ധത അറിയിച്ചിരുന്നു. ഇതിനു വേണ്ടിവരുന്ന ചെലവില്‍ 60 ശതമാനം കേന്ദ്രം വഹിക്കും. 40 ശതമാനം മാത്രം സംസ്ഥാന സര്‍ക്കാര്‍ വഹിച്ചാല്‍ മതി. ഇതാണ് കാലിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കാലിക്കറ്റില്‍ ഈ സൗകര്യം വരുന്നതോടെ മലബാറിലെ കയറ്റുമതി വ്യവസായികള്‍ക്ക് യാത്രാ ദൂരം വലിയതോതില്‍ കുറയും.

കേന്ദ്ര സര്‍ക്കാരിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി പ്രകാരം പഴം-പച്ചക്കറികള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് ജില്ലയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ ഉത്പന്ന ഗുണനിലവാര പരിശോധനാ സൗകര്യം ഒരുക്കുന്നത് യൂണിവേഴ്സിറ്റിക്കും വലിയ വരുമാനമാര്‍ഗമായി മാറും.

നിലവില്‍ എംഎസ്സി ഫുഡ് ടെക്നോളജി കോഴ്സ് ഇവിടെയുണ്ട്. ഇതിനു പുറമെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കൂടി വരുകയും ലബോറട്ടറികള്‍ സ്ഥാപിക്കുകയും ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠനത്തിനുള്ള സൗകര്യവും ഉണ്ടാവും. നിലവില്‍ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്നത് സംബന്ധിച്ച് ഉടന്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കുമെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ വൈസ് ചാന്‍സലര്‍ ഡോ.എം കെ ജയരാജ്, പ്രോ-വി സി ഡോ.എം നാസര്‍, രജിസ്ട്രാര്‍ ഡോ.ഇ കെ സതീഷ്, കേരള കയറ്റുമതി ഫോറം പ്രസിഡന്റ് ഹമീദ് അലി, കേരള ചെറുകിട വ്യവസായ സമിതി സെക്രട്ടറി ബാബു മാളിയേക്കല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുഡ്സയന്‍സ് ടെക്നോളജി വിഭാഗം പ്രൊഫസര്‍മാരായ എം. അനുഷ, സി കെ ശബ്ന, സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഡോ. സുനോജ് കുമാര്‍, ഫുട്ട്വേര്‍ ഡിസൈന്‍ ടെക്നോളജി ഡയറക്ടര്‍ മുഹമ്മദ് നാസര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബല്‍രാജ് എന്നിവരാണ് പങ്കെടുത്തത്.

Tags:    

Similar News