ഇലക്ട്രിക് ഫാന്‍, സ്മാര്‍ട്ട് മീറ്റര്‍ ഇറക്കുമതി: ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രം

കോവിഡ് കാലഘട്ടം മുതലാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനും, ആഭ്യന്തര വ്യവസായത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഗുണ നിലവാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്.

Update: 2022-12-03 08:20 GMT

രാജ്യത്ത് ഇലക്ട്രിക് ഫാനുകളുടെയും സ്മാര്‍ട്ട് മീറ്ററുകളുടെയും ഇറക്കുമതി പരിശോധിക്കാന്‍ ഗുണനിലവാര ഓര്‍ഡറുകള്‍ (ക്യുസിഒകള്‍) പുറപ്പെടുവിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം. പ്രത്യേകിച്ച് ചൈനയില്‍ നിന്നും ഇറക്കുമതി ചെയുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്ക് പരിശോധന കര്‍ശനമാക്കും. കളിപ്പാട്ട ഇറക്കുമതിയില്‍ ഗുണ നിലവാര പരിശോധന വിജയകരമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

2022 സാമ്പത്തിക വര്‍ഷത്തില്‍ സീലിങ് ഫാനുകളുടെ ഇറക്കുമതി മൂല്യം 132 ശതമാനം വര്‍ധിച്ച് 6.22 മില്യണ്‍ ഡോളറായി. ഇതില്‍ 5.99 മില്യണ്‍ ഡോളറിന്റെ ഇറക്കുമതി ചൈനയില്‍ നിന്നാണ്. സ്മാര്‍ട്ട് മീറ്ററുകളുടെ ഇറക്കുമതി മൂല്യം 3.1 മില്യണ്‍ ഡോളറായി. ഇതില്‍ 1.32 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും ചൈനയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2020 ല്‍ കളിപ്പാട്ട ഇറക്കുമതിയില്‍ ഗുണ നിലവാര നിയന്ത്രണ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മൂന്ന് വര്‍ഷത്തിനിടയില്‍ ഇറക്കുമതി 70 ശതമാനം ഇടിഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 371 മില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഉണ്ടായിരുന്നത് 2022 ആയപ്പോഴേക്ക് 110 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇതേ കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 80 ശതമാനം ഇടിഞ്ഞ് 59 മില്യണ്‍ ഡോളറായി.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി 36.2 ശതമാനം കുറഞ്ഞ് 7.8 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇറക്കുമതി 23.6 ശതമാനം വര്‍ധിച്ച് 52.4 ബില്യണ്‍ ഡോളറായി. ഇത് 44.6 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വ്യാപാര കമ്മിയിലേക്ക് നയിച്ചു.

കോവിഡ് കാലഘട്ടം മുതല്‍ക്കാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനും, ആഭ്യന്തര വ്യവസായത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഗുണ നിലവാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. 2020 മുതല്‍ ഏകദേശം 20 ഓളം ഉത്പന്നങ്ങളില്‍ ഗുണ നിലവാര നിയന്ത്രണങ്ങള്‍ വ്യവസായ വകുപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്.

സ്റ്റീല്‍, ഇരുമ്പ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വളം, തുണിത്തരങ്ങള്‍, എയര്‍ കണ്ടീഷണര്‍, പ്ലഗ് സോക്കറ്റുകള്‍, ഗ്യാസ് സ്റ്റൗവുകള്‍, പ്രഷര്‍ കുക്കര്‍, കേബിള്‍, അലുമിനിയം ഫോയില്‍, കളിപ്പാട്ടങ്ങള്‍, പാദ രക്ഷകള്‍, ഹെല്‍മെറ്റുകള്‍, തുടങ്ങിയ ഉത്പന്നങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഗുണ നിലവാര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി, വിദേശ നിര്‍മ്മാതാക്കളുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌കീമിന് (എഫ്എംസിഎസ്) കീഴില്‍ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിന്നും ലൈസന്‍സ് അല്ലെങ്കില്‍ കണ്‍ഫോര്‍മറ്റി സര്‍ട്ടിഫിക്കറ്റ് (സിഒസി) നേടേണ്ടതുണ്ട്.

Tags:    

Similar News