രാജ്യത്തെ സേവന മേഖലയിലെ ഉത്പാദന വളര്‍ച്ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി എസ്ആന്റ്പി ഗ്ലോബല്‍. വര്‍ധിച്ച ഡിമാന്‍ഡിനൊപ്പം ബിസിനസ് വരവ് ഗണ്യമായി ഉയര്‍ന്നതാണ് കാരണം. ഏകദേശം 400 ഓളം സേവന മേഖല കമ്പനികളില്‍ നടത്തിയ സര്‍വേയില്‍ നിന്നും സമാഹരിച്ചതാണ് എസആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ.
കമ്പനികള്‍ ജിഡിപിയിലേക്ക് നല്‍കിയ സംഭാവനകള്‍, അവര്‍ നല്‍കുന്ന സേവനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി എസ്ആന്റ്പി ഗ്ലോബല്‍ ഇവയെ വിവിധ പാനലുകളായി തരം തിരിച്ചിട്ടുണ്ട്.
എസ്ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി എം ഐ ) ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത 55.1 ല്‍ നിന്നും നവംബറില്‍ 56.4 ആയിരുന്നു. തുടര്‍ച്ചയായ 16 മാസത്തിലും പിഎംഐ 50 നു മുകളിലാണ്. പിഎംഐ 50 നു മുകളായിലാണെങ്കില്‍ അത് വികസനത്തെയാണ് സൂചിപ്പിക്കുന്നത്.
നവംബറിലെ പിഎംഐ ഡാറ്റ പുതിയ ബിസിനസ്, ഉത്പാദനം എന്നിവയുടെ വേഗത്തിലുള്ള വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് സേവന മേഖലയിലുള്ള തൊഴില്‍ സാധ്യതകളെയും വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലാണ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതെന്നും സര്‍വേയില്‍ പറയുന്നു.
സേവന മേഖലയില്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എനര്‍ജി, ഭക്ഷ്യ വസ്തുക്കള്‍, പാക്കേജിങ്, പേപ്പര്‍, പ്ലാസ്റ്റിക്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, ഗതാഗത ചെലവുകള്‍ എന്നിവയുടെയെല്ലാം വില വര്‍ധിച്ചിരുന്നു. പുറത്തു വരുന്ന കണക്കുകള്‍ അനുകൂലമാണെങ്കിലും, പണപ്പെരുപ്പം ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒക്ടോബറില്‍ അസംസ്‌കൃത വസ്തുകളുടെ വില വര്‍ധിച്ചിരുന്നുവെങ്കിലും ഉത്പന്നങ്ങളുടെ വിലയും അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും വേഗതയേറിയ നിരക്കില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ആര്‍ബിഐയുടെ പണനയ മീറ്റിംഗിന് ശേഷം ഡിസംബര്‍ 7 നു ദ്വിമാസ കണക്കുകള്‍ പുറത്തു വിടും. റീട്ടെയില്‍ പണപ്പെരുപ്പം അല്പം മന്ദഗതിയിലായതിനാല്‍ ആര്‍ബിഐ നിരക്ക് വര്‍ധന 25 -35 ബേസിസ് പോയിന്റ് ആയി കുറക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
