വിഴിഞ്ഞം; ജനുവരി ആറിന് കരണ്‍ അദാനി മുഖ്യമന്ത്രിയെ കാണും

  • കുടിശ്ശിക ഉടന്‍ നല്‍കുന്നതിന് കരണ്‍ അദാനി മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടേക്കും

Update: 2022-12-28 11:30 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ സിഇഒ കരണ്‍ അദാനി ജനുവരി ആറിന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം സഭ പ്രതിഷേധം അവസാനിപ്പിച്ചതിനു ശേഷമുള്ള ആദ്യകൂടിക്കാഴ്ചയാണിത്.

കരണ്‍ അദാനിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അദാനി പോര്‍ട്സ് സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുകയും മുഖ്യമന്ത്രി, ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരുമായി ജനുവരി 6 അല്ലെങ്കില്‍ 7 തീയ്യതിയില്‍ കൂടിക്കാഴ്ച നടത്താന്‍ അനുവാദം നേടിയതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍മ്മാണം, ഫണ്ടിംഗ് പ്രശ്നങ്ങള്‍ എന്നിവയാകും കരണ്‍ അദാനി ഇവരുമായി ചര്‍ച്ച ചെയ്യുന്നത്. കരാര്‍ പ്രകാരം 30 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയുടെ 25 ശതമാനം സര്‍ക്കാര്‍ നല്‍കണം.

സംസ്ഥാനം 400 കോടി ഉടന്‍ നല്‍കേണ്ടിവരും. കുടിശ്ശിക ഉടന്‍ നല്‍കുന്നതിന് കരണ്‍ അദാനി മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടേക്കും.

തുറമുഖ പദ്ധതിക്ക് ചുറ്റുമുള്ള പ്രദേശം നോ ഫിഷിംഗ് സോണായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും.

ഡിസംബര്‍ 28,29 തീയ്യതികളില്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ കരണ്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറിയുടെ അസാന്നിധ്യം കാരണം സന്ദര്‍ശനം പുന: ക്രമീകരിക്കുകയായിരുന്നു.

Tags:    

Similar News