പരാതി പരിഹാര വെബ് പോര്‍ട്ടലുമായി റവന്യൂ വകുപ്പ്

  • 18004255255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

Update: 2023-06-16 06:45 GMT

റവന്യൂ വകുപ്പില്‍ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി കാര്യക്ഷമമായ നടപടികള്‍ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.

പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി റവന്യു വകുപ്പ് തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എങ്ങനെ പരാതി നല്‍കാം

പൊതുജനങ്ങള്‍ക്ക് 18004255255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഫോണിലൂടെയും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിന് www.ird.kerala.gov.in എന്ന റവന്യൂ പോര്‍ട്ടലില്‍ Complaint എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജില്ല, ഉദ്യോഗസ്ഥന്റെ കാര്യാലയം, എന്നിവ തിരഞ്ഞെടുത്ത് ഉദ്യോഗസ്ഥന്റെ തസ്തിക, പേര്, പരാതിയുടെ വിവരങ്ങള്‍ എന്നിവ നല്‍കിയതിന് ശേഷം പരാതി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. എഴുതി തയ്യാറാക്കിയ പരാതിയോ അനുബന്ധ രേഖകളോ ഉള്‍പ്പെടുത്താനുള്ള സംവിധാനവും ലഭ്യമാണ്.

ഉദ്യോഗസ്ഥന്റെ തസ്തിക, പരാതിക്കാധാരമായ ഉദ്യോഗസ്ഥന്റെ പേര് എന്നിവ നല്‍കാതെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവരം തരുന്നവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കുന്നില്ല.

പൊതുജനങ്ങളുടെ പരാതി സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്കോ മേഖലാ റവന്യൂ വിജിലന്‍സ് ഡപ്യൂട്ടി കളക്ടര്‍മാര്‍ക്കോ കൈമാറി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

പരാതി പരിഹരിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജീവനക്കാരുടെ സംഘടനകളുടെ യോഗം ചേര്‍ന്നിട്ടുണ്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥ തലത്തില്‍ വിവിധ പ്രചരണ പരിപാടികളടക്കം സംഘടിപ്പിക്കും. ഒരു മാസം കുറഞ്ഞത് 500 വില്ലേജുകള്‍ എന്ന നിലയില്‍ പരിശോധനകള്‍ നടത്തും. മന്ത്രി, ജില്ല കളക്ടര്‍മാര്‍, മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കുന്നതാണ്.

കൂടാതെഉദ്യോഗസ്ഥര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സമഗ്രമായ പരിശീലനവും ഘട്ടംഘട്ടമായി നല്‍കും. ഉദ്യോഗസ്ഥരുടെ നിയമപരവും സാങ്കേതികവുമായ സംശയങ്ങള്‍ നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഗണിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി വി അനുപമ, ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News