വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കെഫ്‌സി 166 കോടി രൂപ കൈമാറി

  • കടലില്‍ പുലിമുട്ടില്‍ നിക്ഷേപിക്കുതിനുള്ള ചെലവ് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

Update: 2023-05-09 12:30 GMT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്നുള്ള 409 കോടി രൂപയുടെ വായ്പയില്‍ 166 കോടി രൂപ കൂടി തുറമുഖ കമ്പനി (വിസില്‍)ക്കു കൈമാറി.

ഇതോടെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 266 കോടി രൂപ വായ്പയായി ലഭിച്ചു. കൂടാതെ ഈയാഴ്ച്ച 143 കോടി രൂപ കൂടി ലഭിക്കും. പദ്ധതിക്കായി 3600 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയ സാഹചര്യത്തില്‍ ഹഡ്‌കോയ്‌ക്കൊപ്പം നബാഡുമായിക്കൂടി വിസില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

കെഎഫ്‌സിയില്‍ നിന്നുള്ള വായ്പ സര്‍ക്കാരിന്റെ പൊതുകടത്തില്‍പെടുത്തുമെന്ന എജിയുടെ മുന്നറിയിപ്പിനിടെയാണ് തുറമുഖ വകുപ്പിന്റെ നീക്കം. തുറമുഖ കരാറനുസരിച്ച് കടലില്‍ പുലിമുട്ടില്‍ നിക്ഷേപിക്കുതിനുള്ള ചെലവ് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് കൈമാറേണ്ടത് നികുതിയടക്കം 409 കോടി രൂപയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ 100 കോടി രൂപ കെഎഫ്സിയില്‍ നിന്ന് കടമെടുത്ത് നല്‍കിയതില്‍ വിശദീകരണമാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും എജി മറുപടി നല്‍കിയിന്നില്ല. ഈ സാഹചര്യത്തിലാണ് തുറമുഖവകുപ്പ് 150 കോടി രൂപ കൂടി കടമെടുത്ത് അദാനി ഗ്രൂപ്പിന് നല്‍കിയത്.

പണം അനുവദിച്ചില്ലെങ്കില്‍ തുറമുഖ നിര്‍മാണം പ്രതിസന്ധിയിലാകുമെന്നും കുടിശ്ശിക വരുത്തുന്ന സമയം പലിശ നല്‍കണമെന്നും അറിയിച്ച് അദാനി സര്‍ക്കാരിന് രണ്ട് തവണ കത്തുനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് എജിയുടെ മുന്നറിയിപ്പ് അവഗണിച്ചും സര്‍ക്കാര്‍ പണം വായ്പയെടുത്ത് നല്‍കിയത്.

Tags:    

Similar News