കലൂര്‍-കടവന്ത്ര റോഡ് നവീകരണം,കൊച്ചി മെട്രോയും ജിസിഡിഎയും ധാരണാപത്രത്തില്‍ ഒപ്പിട്ടു

  • മാതൃകാ റോഡാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Update: 2023-01-25 11:45 GMT

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂര്‍-കടവന്ത്ര റോഡ് നവീകരിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി കൊച്ചി മെട്രോയും ജിസിഡിഎയും ധാരണാപത്രം ഒപ്പുവച്ചു. കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റയുടെയും ഡയറക്ടര്‍ പ്രൊജക്റ്റസ് ഡോ എംപി രാംനവാസിന്റെയും സാന്നിധ്യത്തില്‍ കൊച്ചി മെട്രോ പ്രൊജക്റ്റ്‌സ് വിഭാഗം ജനറല്‍ മാനേജര്‍ വിനു സി കോശിയും ജിസിഡിഎ സെക്രട്ടറി ശ്രീ അബ്ദുള്‍ മാലിക് കെ വിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

റോഡ് നവീകരണം ജിസിഡിഎ നിര്‍വ്വഹിക്കും. റോഡിന് ഇരുവശമുള്ള സ്ഥലങ്ങളും മീഡിയനുകളും നവീകരിക്കുക കൊച്ചി മെട്രോയാണ്. നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് സംരംഭങ്ങളുടെ ഭാഗമായാണ് കൊച്ചി മെട്രോ ഈ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. കലൂര്‍, കടവന്ത്ര സ്റ്റേഷനുകളെ തമ്മിലും ഈ റോഡ് ബന്ധിപ്പിക്കുമെന്നതിനാല്‍ മെട്രോ യാത്രക്കാര്‍ക്കും റോഡ് നവീകരണം ഗുണപ്രദമാകും. 3.2 കിലോമീറ്റര്‍ റോഡ് നവീകരിക്കും. നിലവില്‍ ഈ മേഖലയില്‍ ആവശ്യമായ ഫുട്ട്പാത്തുകളില്ല.

ഓടകള്‍ മൂടിയിരിക്കുന്ന സ്ലാബുകളില്‍ പലതും അപകടാവസ്ഥയിലാണ്. ഇതെല്ലാം മുന്‍നിര്‍ത്തി കാല്‍നടയാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും നവീകരണം. രണ്ട് മുതല്‍ 2.5 മീറ്റര്‍ വീതിയില്‍ ഫുട്ട്പാത്ത് നിര്‍മ്മിക്കും. സ്ത്രീ സൗഹൃദ മേഖലയാക്കുന്നതിന്റെ ഭാഗമായി ആവശ്യത്തിന് വഴിവിളക്കുകള്‍ സ്ഥാപിക്കും. സീറ്റുകളും മാലിന്യം നിക്ഷേപിക്കുന്നതിന് ബിന്നുകളും സ്ഥാപിക്കും. മഴക്കാല മുന്നൊരുക്കങ്ങള്‍ സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ നിര്‍മ്മാണ ഘട്ടത്തില്‍ സ്വീകരിക്കും. നിലവിലുള്ള മരങ്ങള്‍ സംരക്ഷിക്കുകയും ആവശ്യമെങ്കില്‍ പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനകം നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.

Tags:    

Similar News