ആനവണ്ടി ഇനി മുതല്‍ കൊറിയര്‍ വണ്ടി; ലോജിസ്റ്റിക്‌സ് സര്‍വീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

  • 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടേയ്ക്കും കൊറിയറെത്തിക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം

Update: 2023-06-16 05:30 GMT

പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ കെഎസ്ആര്‍ടിസി നേടിയ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടാണ് കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കൊറിയര്‍, ലോജിസ്റ്റിക്‌സ് സംവിധാനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച കൊറിയര്‍ ഔട്ട് ലെറ്റില്‍ മന്ത്രി ആദ്യ കൊറിയര്‍ ഏറ്റുവാങ്ങി. സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ അഥവാ പാര്‍സല്‍ കൈമാറുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് കൊറിയര്‍ സര്‍വീസ് നടപ്പിലാക്കുന്നത്. ഒപ്പം വരുമാന വര്‍ധനവും വൈവിധ്യ വല്‍ക്കരണവും ലക്ഷ്യമാക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. അതിനാല്‍ വിവിധ ബസ് സര്‍വീസുകളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി രൂപം നല്‍കിയിരിക്കുന്നത്.

ജീവനക്കാര്‍ക്കും നേട്ടം

കൊറിയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ചാര്‍ജിനത്തില്‍ 30 ശതമാനം വരെ കുറവ് ലഭിക്കും. കൂടാതെ വരുമാനത്തിനനുസൃതമായി ജീവനക്കാര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. നവീന സൂപ്പര്‍ ക്ലാസ് ബസുകള്‍, ഇലക്ട്രിക് ബസുള്‍പ്പെടുന്ന സിറ്റി സര്‍ക്കുലര്‍ ബസ്, ഗ്രാമ വണ്ടി സേവനം, ബജറ്റ് ടൂറിസം, യാത്ര ഫ്യുവല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ പദ്ധതികളിലൂടെ കെഎസ്ആര്‍ടിസി വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ കെഎസ്ആര്‍ടിസി, സിഎംഡി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ചു. കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ ചെറിയാന്‍ എന്‍ പോള്‍, എസ് വിനോദ്, ഡി അജയകുമാര്‍, എസ് അജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി ഉദയകുമാര്‍ നന്ദി അറിയിച്ചു.

Tags:    

Similar News