നിയുക്തി 2023 മെഗാ ജോബ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു

  • വിദ്യാര്‍ത്ഥികളെ തൊഴില്‍ എടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

Update: 2023-03-25 09:45 GMT

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍ മേളകള്‍ വഴി സംസ്ഥാനത്ത് 96,792 പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി സംസ്ഥാന പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൊഴില്‍ വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സംഘടിപ്പിക്കുന്ന നിയുക്തി 2023 മെഗാ ജോബ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്നിക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാസമ്പന്നരായ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്നതൊഴിലില്ലായ്മയ്ക്ക് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന 'നിയുക്തി'മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേവേദിയില്‍ കൊണ്ടുവന്ന് പരമാവധി തൊഴില്‍ നേടിയെടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേളകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളെ തൊഴില്‍ എടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ്. നിരവധി കോളേജുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം ജോലിചെയ്ത് വരുമാനം കണ്ടെത്താനും പഠനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത് വഴി നൈപുണ്യ വികസനം നേടാനും സാധിക്കും.സര്‍ക്കാര്‍ ആരംഭിച്ച ഒരു ലക്ഷം സംരംഭം പദ്ധതിമികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണ്. സ്ത്രീകളാണ് സംരംഭക രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നത്.അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ത്രീ സംരംഭകര്‍ക്ക് 5 ശതമാനം വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ നെഷീദ സലാം, എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍, സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.എസ് ബിന്ദു, എറണാകുളം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹ്‌മാന്‍ കുട്ടി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വി.എസ് ബീന, കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ഗീതാ ദേവി, വനിത പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ബി. ഇന്ദു ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




 


Tags:    

Similar News