ഓഫീസ് സ്‌പെയ്‌സ് വിപണി: ബെംഗലൂരുവിനെ കടത്തിവെട്ടി ഹൈദരാബാദ്

രാജ്യത്തെ ഏഴു പ്രധാന നഗരങ്ങളിലായി മൊത്തം 23.85 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓഫീസ് സ്‌പെയ്‌സുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.

Update: 2022-12-03 09:36 GMT

ഹൈദാരാബാദ്: രാജ്യത്തെ ഓഫീസ് സ്‌പെയ്‌സ് ബിസിനസില്‍ ഹൈദാരാബാദ് മുന്നില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോഴേക്കും 8.2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റെ പുതിയ ഓഫീസ് സ്‌പേസ് ആണ് ഹൈദരാബാദില്‍ ആരംഭിച്ചത്. പ്രധാന ഏഴു നഗരങ്ങളിലെ ഓഫീസ് സ്‌പെയ്‌സ് വിതരണത്തിന്റെ 34 ശതമാനവും ഈ ഹൈദരാബാദിലാണ്. 26 ശതമാനമാണ് ബെംഗളുരുവില്‍ ഉള്ളത്. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ ഇന്ത്യ ഓഫീസ് മാര്‍ക്കറ്റ് അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതില്‍ മികച്ച വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏഴു പ്രധാന നഗരങ്ങളിലായി മൊത്തം 23.85 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓഫീസ് സ്‌പെയ്‌സുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വര്‍ധനവാണ് ഓഫീസ് സ്‌പെയ്‌സ് ബിസിനസില്‍ ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡെല്‍ഹിയില്‍ 4.9 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റെ പുതിയ ഓഫീസ് സ്‌പേസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇത് മൊത്ത ഓഫീസ് സ്‌പെയ്‌സ് വിതരണത്തിന്റെ 21 ശതമാനം വരും. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലും (എംഎംആര്‍) പൂനെയിലുമായി 3.1 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റെ ഓഫീസ് സ്പേസുകളാണ് ആരംഭിച്ചത്. ഏഴു പ്രധാന നഗരങ്ങളില്‍ മൊത്ത ഓഫീസ് സ്‌പേസ് വിതരണം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 10.76 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിന്നും 76 ശതമാനം വര്‍ധിച്ച് 18.96 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റായി.

Tags:    

Similar News