രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍; നേട്ടത്തില്‍ സിയാല്‍

  • തല ഉയര്‍ത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Update: 2023-07-03 07:15 GMT

രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ സജ്ജമാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നേട്ടത്തില്‍. ആറ് മാസം കൊണ്ട് 400 ജെറ്റുകളാണ് ഇവിടെ ലാന്‍ഡ് ചെയ്തത്. രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നാല് വിമാനത്താവളങ്ങളിലൊന്നാണ് കൊച്ചി വിമാനത്താവളം. 30 കോടി രൂപ ചെലവിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്.

പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

4000 ചതുരശ്ര അടി വിസതീര്‍ണത്തിലാണ് ടെര്‍മിനല്‍ സജ്ജമാക്കിയിരിക്കുന്നത്. മാത്രമല്ല അതിസുരക്ഷാ വിഭാഗത്തിലുള്ള അതിഥികള്‍ക്കായി പ്രത്യേകം സേഫ് ഹൗസ് സൗകര്യവും ഇവിടെയുണ്ട്. ഏറെ സൗകര്യങ്ങളോടെയുള്ള അഞ്ച് ലോഞ്ചുകളാണ് ടെര്‍മിനലിലുള്ളത്.

അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായാണ് ചാര്‍ട്ടര്‍ ഗേറ്റ്വേ പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ കാര്‍ പാര്‍ക്കിംഗ് ഇടം, ഡ്രൈവ്-ഇന്‍ പോര്‍ച്ച്, ഗംഭീരമായ ലോബി, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, ബിസിനസ് സെന്റര്‍ എന്നിവയും ഇതിനകത്ത് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം വിമാനയാത്രക്കാരില്‍ 65 ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവരാണ്.


Tags:    

Similar News