പ്രതിരോധം, കൃഷി എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും ഇറ്റലിയും

  • ഏപ്രിൽ 12 നാണ് കൂടിക്കാഴ്ച നടത്തിയത്
  • ഇറ്റാലിയൻ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ നിക്ഷേപ അവസരങ്ങൾ

Update: 2023-04-13 12:00 GMT

ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു ) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളെ കുറിച്ച്‌, യൂണിയന്റെ ഭാഗമായ ഇറ്റലിയും ഇന്ത്യയും ചർച്ച ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് നിക്ഷേപ സംരക്ഷണം, ഭൂമിശാസ്ത്രപരമായ സൂചനകൾ (ജിഐ) എന്നിവ കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചകൾ പുനരാരംഭിച്ചത്. വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ, ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തജാനിയുമായി ഏപ്രിൽ 12 നാണ് കൂടിക്കാഴ്ച നടത്തിയത്.

സാമ്പത്തിക സഹകരണത്തിനായുള്ള ജോയിന്റ് കമ്മീഷന്റെ (ജെസിഇസി) അടുത്ത സെഷൻ സെപ്റ്റംബർ അവസാനവാരം റോമിൽ വീണ്ടും ചർച്ച തുടരാനും അവർ സമ്മതിച്ചു. ബഹിരാകാശം, സാങ്കേതികവിദ്യ, പ്രതിരോധം, കൃഷി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് തജാനി നിർദ്ദേശിച്ചു. ഇരു രാജ്യങ്ങളിലെയും പാർലമെന്റുകൾ തമ്മിലുള്ള പാർലമെന്ററി സൗഹാർദ്ദ ഗ്രൂപ്പ് നയതന്ത്രം ശക്തിപ്പെടുത്താനും സൈബർ സംഭാഷണത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതം ലഘൂകരിക്കുന്നതിന് സുസ്ഥിരത കൈവരിക്കുന്നതിന് ശുദ്ധ ഊർജ്ജ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും ഗോയൽ ഊന്നൽ നൽകി. ഇറ്റാലിയൻ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ നിക്ഷേപ അവസരങ്ങളുണ്ടെന്നും ഗോയൽ പറഞ്ഞു.

ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഗോയലിനൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള കയറ്റുമതിക്കാരും ഉൾപ്പെടുന്ന ഒരു വലിയ ബിസിനസ്സ് പ്രതിനിധി സംഘവും ഉണ്ടായിരുന്നു. 

Tags:    

Similar News