8.34 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്, അമ്മ സംഘടനയ്‌ക്കെതിരെ നോട്ടീസ്
- സംഘടന നടത്തിയ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ നിന്നും ലഭിച്ച വരുമാനത്തിനടക്കം ജിഎസ്ടി നല്‍കേണ്ടി വരുമെന്നുമാണ് നിര്‍ദ്ദേശം.
കൊച്ചി: 8.34 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്ക് (എഎംഎംഎ) ജിഎസ്ടി നോട്ടീസ്. 2017 മുതലുള്ള ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ചാരിറ്റബിള്‍ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്ക്ക് ഏതെങ്കിലും സ്രോതസ്സില്‍ നിന്നും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണം.
സംഘടന നടത്തിയ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ നിന്നും ലഭിച്ച വരുമാനത്തിനടക്കം ജിഎസ്ടി നല്‍കേണ്ടി വരുമെന്നുമാണ് നിര്‍ദ്ദേശം. 2018-22 കാലയളവിലാണ് ക്രമക്കേട് നടന്നിരിക്കുന്നതായി നോട്ടീസില്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് നികുതിയും പലിശയും പിഴയുമായി മാത്രം അമ്മ സംഘടന നാലുകോടി രൂപ അടയ്ക്കണമെന്നും ജി.എസ്.ടി. ഇന്റിമേഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്. 2017-ല്‍ ജി.എസ്.ടി. ആരംഭിച്ചിട്ടും താരസംഘടന രജിസ്ട്രേഷന്‍ എടുത്തത് 2022 ലാണ്.
ജി.എസ്.ടി. വകുപ്പ് സമന്‍സ് നല്‍കിയ ശേഷമാണ് അമ്മ സംഘടന രജിസ്ട്രേഷന്‍ എടുക്കാന്‍ തയാറായതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ അധികൃതര്‍ വ്യക്തമാക്കി.
