ട്രംപിന്റെ ഭീഷണി ലിബറലുകളുടെ ഐശ്വര്യമായി

  • കാനഡയില്‍ വീണ്ടും ലിബറലുകള്‍ അധികാരത്തിലേക്ക്
  • വ്യാപാര യുദ്ധം ജനശ്രദ്ധ തിരിച്ചു

Update: 2025-04-29 05:07 GMT

കാനഡയിലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് വിജയം. ലിബറല്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത് ഇത് തുടര്‍ച്ചയായ നാലാം തവണയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക്ക് കാരണിയെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം പ്രമുഖ പാര്‍ട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി കനത്ത പരാജയം നേരിട്ടു. ഇതിനെതുടര്‍ന്ന് പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗ് രാജിവെച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിനിവേശ ഭീഷണികളും വ്യാപാര യുദ്ധവും മൂലമുണ്ടായ സാഹചര്യമാണ് ലിബറലുകള്‍ക്ക് വീണ്ടും അധികാരത്തിലെത്താന്‍ അവസരമൊരുക്കിയത്.

ദേശീയ പൊതു പ്രക്ഷേപകരായ കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍, പാര്‍ലമെന്റിലെ 343 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലിബറലുകള്‍ നേടുമെന്ന് പറഞ്ഞു.

കാനഡയുടെ സമ്പദ്വ്യവസ്ഥയെ ആക്രമിക്കാനും അതിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താനും യുഎസ് ശ്രമിച്ചിരുന്നു. യുഎസിന്റെ 51-ാമത്തെ സംസ്ഥാനമായി കാനഡ മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതുവരെ കാനഡയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം.

ട്രംപിന്റെ നടപടികള്‍ കനേഡിയന്‍മാരെ പ്രകോപിപ്പിക്കുകയും ദേശീയതയില്‍ ഒരു കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്തു. ഇത് ലിബറലുകള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റിമറിക്കാനും അധികാരത്തില്‍ വരാനും സഹായിച്ചു.

ഭക്ഷ്യ, ഭവന വിലകള്‍ ഉയര്‍ന്നതോടെ ജനപ്രീതി കുറഞ്ഞ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വിലയിരുത്തുന്നതിനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതു മാറുമെന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പൊയിലീവ്രെ കരുതിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു.

ട്രൂഡോ രാജിവെച്ചതോടെ രണ്ടുതവണ കേന്ദ്ര ബാങ്കറായിരുന്ന മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായവുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളെ കാനഡയിലെ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തീര്‍ത്തും വഷളായിരുന്നു. ഇപ്പോള്‍ ഭരണത്തില്‍ അതേപാര്‍ട്ടിതന്നെ അധികാരത്തില്‍എത്തിയെങ്കിലും ട്രൂഡോയുടെ നിലപാടാകുമോ കാര്‍ണിക്ക് എന്ന കാര്യം ഇന്ത്യ ഉറ്റു നോക്കുന്നു.

Tags:    

Similar News