image

16 Feb 2022 11:15 PM GMT

Banking

ആര്‍ബിഐ-യുടെ നിയന്ത്രണങ്ങൾ സഹകരണ ബാങ്കുകളെ തകർക്കുന്നു: ഗോപി കോട്ടമുറിയ്ക്കല്‍

Suresh Varghese

ആര്‍ബിഐ-യുടെ നിയന്ത്രണങ്ങൾ സഹകരണ ബാങ്കുകളെ തകർക്കുന്നു: ഗോപി കോട്ടമുറിയ്ക്കല്‍
X

Summary

സഹകരണ മേഖലയിൽ നടക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു സുരേഷ് വര്ഗീസ് തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിന്റെ മൂന്നാം ഭാഗമാണിത്. ആര്‍ബിഐ-യുടെ പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി സഹകരണ മന്ത്രി വി എന്‍ വാസവന്‍ രണ്ടാം ഭാഗത്തിൽ സംസാരിച്ചിരുന്നു. ആര്‍ബിഐയുടേയും, കേന്ദ്ര ഗവണ്‍മെന്റിന്റെയും നയങ്ങള്‍ സഹകരണ-അര്‍ബന്‍ ബാങ്കുകളെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഇവിടെ വിശദമാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ മേലുള്ള ആര്‍ […]


സഹകരണ മേഖലയിൽ നടക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു സുരേഷ് വര്ഗീസ് തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിന്റെ മൂന്നാം ഭാഗമാണിത്. ആര്‍ബിഐ-യുടെ പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി സഹകരണ മന്ത്രി വി എന്‍ വാസവന്‍ രണ്ടാം ഭാഗത്തിൽ സംസാരിച്ചിരുന്നു. ആര്‍ബിഐയുടേയും, കേന്ദ്ര ഗവണ്‍മെന്റിന്റെയും നയങ്ങള്‍ സഹകരണ-അര്‍ബന്‍ ബാങ്കുകളെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഇവിടെ വിശദമാക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങളുടെ മേലുള്ള ആര്‍ ബി ഐയുടെ പുതിയ നിയന്ത്രണങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ സംഘങ്ങളെ ബാധിക്കുക?

ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ ഭേദഗതിയ്ക്കു ശേഷമുള്ള ഒരു അസാധാരണ സര്‍ക്കുലറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രൈമറി സംഘങ്ങള്‍ 'ബാങ്കിംഗ്' ഇടപാടുകള്‍ ഒന്നും നടത്താന്‍ പാടില്ല. പിന്നെ, പ്രൈമറി സംഘങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നു നമുക്ക് ചോദിക്കേണ്ടി വരും. 1,526 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും, 51 അര്‍ബന്‍ ബാങ്കുകളും ചേര്‍ന്ന മണ്ഡലമാണ് കേരള ബാങ്കിന്റെ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. അര്‍ബന്‍ ബാങ്കുകള്‍ക്കും, പ്രാഥമിക സംഘങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന ഒരു മണ്ഡലത്തില്‍ വോട്ടെടുപ്പ് നടത്തിയിട്ടാണ് കേരളാ ബാങ്കിന്റെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.

ഇവിടെ പ്രാഥമിക സഹകരണ സംഘങ്ങളുടെമേല്‍ കൂച്ചുവിലങ്ങിടുന്നത് അവയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനാണ്. ഇതൊരുതരം മയക്കുവെടിയാണ്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ആര്‍ക്കും ഒന്നും കാണാന്‍ കഴിയുകയില്ല. ഇത് സംഘങ്ങളെ ക്ഷീണിപ്പിക്കാന്‍ വേണ്ടി ആര്‍ ബി ഐ മുന്നിട്ടിറങ്ങി നടത്തുന്ന നീക്കമാണ്. സംഘങ്ങള്‍ 'ബാങ്ക്', 'ബാങ്കിംഗ്', 'ബാങ്കര്‍' എന്നീ പദങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്നിങ്ങനെ കുറേയേറെ നിബന്ധനകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു.

കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റിയുടെ സുരക്ഷിത വലയത്തില്‍ പ്രാഥമിക സംഘങ്ങളിലെ നിക്ഷേപകര്‍ ഉള്‍പ്പെടില്ല എന്നു പറയുമ്പോള്‍ അവര്‍ക്ക് എന്നാണ് ആ പരിരക്ഷ ലഭിച്ചിരുന്നതെന്ന് ചോദിക്കേണ്ടി വരും. ഒരിക്കലും അത്തരം സംരക്ഷണം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. ഒരു രൂപ പോലും ആ ഇനത്തില്‍ കേരളത്തില്‍ നല്‍കിയിട്ടില്ല. ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു ആനുകൂല്യം ഇനി ലഭിക്കില്ല എന്നു പറയുമ്പോള്‍ അത് ജനത്തെ തെറ്റിദ്ധരിപ്പിക്കലാണ്. കേരളത്തിലെ സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് 5 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നുണ്ട്.

രണ്ടാമത്തെ കാര്യം, നിക്ഷേപകരെത്തന്നെ A, B, C എന്നീ ക്ലാസ്സുകളായി തിരിച്ചിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ ആ ഗ്രാമത്തിലെ ചെറുതും, വലുതുമായ എല്ലാ നിക്ഷേപങ്ങളും സ്വീകരിച്ചിട്ട് വായ്പകളായി അത് അനേകം ആളുകളിലേക്ക് എത്തിക്കുകയാണ്. അതില്‍ നിന്നു ലഭിക്കുന്ന ലാഭം, അല്ലെങ്കില്‍ മിച്ചം പണം, മറ്റു നിരവധി സ്ഥാപനങ്ങള്‍ (പച്ചക്കറി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ സ്‌റ്റോറുകള്‍, നീതി മെഡിക്കല്‍ ഷോപ്പുകള്‍, അങ്ങനെ നിരവധി) ആരംഭിക്കുവാന്‍ സംഘത്തിനെ സഹായിക്കുന്നു. അത് അനേകര്‍ക്ക് തൊഴില്‍ നല്‍കുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ജനങ്ങളോടൊപ്പം ദശാബ്ദങ്ങളായി നില്‍ക്കുന്ന പ്രസ്ഥാനങ്ങളോട് നിങ്ങള്‍ ഇനിയിത് ചെയ്യേണ്ട എന്നു പറയുമ്പോള്‍ അതിന്റെ intention സംശയാസ്പദമാണ്.

കേന്ദ്ര സഹകരണ മന്ത്രാലയം വരുമ്പോള്‍ എങ്ങനെയാവും കാര്യങ്ങള്‍?
ഇപ്പോള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഒരു സഹകരണ മന്ത്രാലയം വരുമ്പോള്‍ അവര്‍ക്കൊരു കാഴ്ച്ചപ്പാടുണ്ട്. അവര്‍ സമാന്തരമായി പല സഹകരണ സ്ഥാപനങ്ങളും -നിധി എന്ന പേരില്‍- തുടങ്ങാനാഗ്രഹിക്കുന്നു. കേരളത്തില്‍ ഏകദേശം 118 ഓളം 'നിധി' സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതൊരു ഏകദേശകണക്കാണ്, ആധികാരിക രേഖകളെ ആസ്പദമാക്കി പറയുകയല്ല.

എനിയ്ക്കു കിട്ടിയ വ്യക്തിപരമായ വിവരങ്ങളനുസരിച്ച് 118 നിധി രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞിട്ടുണ്ട്. അതിലെ നിക്ഷേപകരെ നോക്കിയാല്‍ വളരെ 'സവര്‍ണ്ണ' താല്പര്യങ്ങളോടുകൂടിയ പ്രതേകതരം ആള്‍ക്കാരാണ്. ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന, ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ട, സമ്പന്ന ജനവിഭാഗങ്ങളാണിവര്‍. അവരുടെ രാഷ്ട്രീയം വ്യത്യസ്തമാണ്. സഹകരണ മേഖലയ്ക്കുള്ളില്‍ തന്നെ വര്‍ഗ്ഗീയമായ ഒരു ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രൈമറി സംഘങ്ങള്‍ക്കുനേരെ ഒട്ടനവധി ആക്രമണങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. ഇതിനെ തകര്‍ക്കുകയാണ് ലക്ഷ്യം. അര്‍ബന്‍ ബാങ്കുകളുടെ കാര്യം ഉദ്ദാഹരണമായെടുക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ അംഗങ്ങള്‍, അതായത് നാട്ടുകാര്‍, തിരഞ്ഞെടുക്കുന്ന ഒരു ഭരണസമിതിയുണ്ട്.

ആ ബോര്‍ഡിലുള്ളവര്‍ക്ക് ബാങ്കിംഗ് മേഖലയെപ്പറ്റി ഒരു ധാരണയുമുണ്ടാകില്ല. 30-40 കൊല്ലത്തെ പൊതുപ്രവര്‍ത്തന അനുഭവം മാത്രമായിരിക്കും കൈമുതല്‍. അത്യപൂര്‍വ്വമായ ചില സംഭവങ്ങളൊഴിച്ചാല്‍ അവര്‍ ഒരിക്കലും അഴിമതിക്കു കൂട്ടുനില്‍ക്കുകയില്ല. അതായിരിക്കും അവരുടെ ഏറ്റവും വലിയ യോഗ്യത. കരുവന്നൂര്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്, ഞാനതു നിഷേധിക്കുന്നില്ല. പക്ഷേ ബാങ്കുകളുടെ ആയിരക്കണക്കിനു കോടി രൂപ തട്ടിച്ച് വിജയ് മല്യ ഒളിച്ചോടിയ പോലെ ഇവിടെയാരും പോകുന്നില്ല.

പി എം സി ബാങ്കിന്റെ കുംഭകോണം മറ്റൊരു ഉദ്ദാഹരണമല്ലേ. പണം വായ്പയെടുക്കുക, തിരിച്ചടയ്ക്കാതിരിക്കുക, ചോദിക്കുമ്പോള്‍ ഞാന്‍ ജയിലില്‍ കിടന്നോളാമെന്നു പറയുക ഇതൊന്നും കേരളത്തിലില്ലല്ലോ. എത്രയോ പ്രമുഖ മേധാവികള്‍ തെറ്റു കാണിച്ചു.

അവര്‍ക്കെതിരെയില്ലാത്ത രോഷം കേരളത്തിലെ സഹകരണ മേഖലയോടു കാണിക്കുന്നതാണ് സംശയാസ്പദം. ഇവിടെ മാനേജര്‍മാര്‍ പണം തിരിമറി നടത്തിയാല്‍ നടപടി ഉറപ്പല്ലേ. അവരെ സസ്‌പെന്റ് ചെയ്യും, അവരില്‍ നിന്ന് പണം തിരികെയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കരുവന്നൂര്‍ ബാങ്കിന്റെ കേസില്‍ത്തന്നെ ഒറ്റയടിക്ക് 16 ഉദ്യോഗസ്ഥരെ -ജോയിന്റ് രജിസ്ട്രാര്‍ മുതല്‍ എല്ലാവരേയും- സസ്‌പെന്റ് ചെയ്തു. നാലു തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍, വന്‍കിട ബാങ്കുകളിലെ തട്ടിപ്പുകളില്‍ എന്ത് അന്വേഷണമാണ് നടന്നത്? പുതിയ കോ-ഓപ്പറേറ്റീവ് മിനിസ്ട്രിയുടെ ബജറ്റ് അലോക്കേഷന്‍ ഏതു രീതിയില്‍ ചെലവഴിക്കപ്പെടും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. അവര്‍ താഴേത്തട്ടിലേക്ക് എങ്ങനെ പണം കൊടുക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ആര്‍ബിഐ-യുടെ അര്‍ബന്‍ ബാങ്കുകളിലെ ഇടപെടല്‍ എപ്രകാരമാണ്?
അര്‍ബന്‍ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അത്ര പോരാ, അവര്‍ക്കു മുകളില്‍ ഒരു സി ഇ ഒയെ പോസ്റ്റ് ചെയ്യണം. അവരുടെ യോഗ്യത ഞങ്ങള്‍ പറയാം. ഇതായിരുന്നു ആര്‍ ബി ഐയുടെ തീരുമാനം. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിനു വേണ്ടി ഞങ്ങള്‍ ബാങ്കിങ്ങിനെപ്പറ്റിയും, സഹകരണ മേഖലയെപ്പറ്റിയും അറിവുള്ള ഒരാളെത്തേടി പത്രപരസ്യം നല്‍കി. 21 പേരുടെ അപേക്ഷകള്‍ വന്നു. ആ 21 പേര്‍ക്ക് ഇന്റര്‍വ്യൂ നടത്തി. ബോര്‍ഡില്‍ ഇന്റര്‍വ്യൂ നടത്താന്‍ പ്രാപ്തരായ ആളുകളില്ലെങ്കില്‍ ബോര്‍ഡ് നിയോഗിക്കുന്ന എക്‌സ്പര്‍ട്ടിനെ വെച്ച് ഇന്റര്‍വ്യൂ നടത്താം. അവസാനം ഒരാളെ ഞങ്ങള്‍ തിരഞ്ഞെടുത്തു.

ആ ആളെ നിയമിക്കാമോ എന്നതിന് ആര്‍ബിഐയുടെ അനുമതി വേണം. എന്നിട്ട് ആര്‍ ബി ഐ പറയുകയാണ് അയാളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് അയാള്‍ക്ക് കൊടുത്തേക്കുക. അയാളെ നിയമിക്കണോ എന്നത് ഞങ്ങളുടെ തീരുമാനമാണ്. അന്തിമമായ നിയമനാധികാരി ആര്‍ബിഐ ആണ്. ശമ്പളം ഞങ്ങള്‍ കൊടുക്കണം. പ്രവര്‍ത്തന റിപ്പോര്‍ട്ടുകളെല്ലാം സിഇഒ, ആര്‍ബിഐയ്ക്കാണ് അയയ്ക്കുന്നത്. അവരുടെ മേല്‍നോട്ടത്തിലും, നിയന്ത്രണത്തിലുമാണ് സി ഇ ഒ. അങ്ങനെ വരുമ്പോള്‍ സുപ്രധാന വിഷയങ്ങളില്‍ — ഉദാഹരണമായി, കിട്ടാക്കടം പിരിച്ചെടുക്കുന്ന കാര്യത്തില്‍, വായ്പയെടുത്തവരോട്, നിര്‍ധനരോട്, കാരുണ്യപൂര്‍വ്വമായ സമീപനം സ്വീകരിക്കുന്ന കാര്യത്തില്‍ — ബോര്‍ഡിന്റെ തീരുമാനത്തെ സിഇഒ അംഗീകരിക്കാതെ വരുന്നു. റിസര്‍വ്വ് ബാങ്ക് സി ഇ ഒയോടു പറയുന്നത് മൂന്നുമാസത്തെ തിരിച്ചടവു മുടങ്ങിയ എല്ലാ ലോണുകളും NPA ആണ്. അവയുടെ ലിസ്റ്റ് അയയ്ക്കുക എന്നു മാത്രമാണ്.

അവിടെ മാനുഷിക പരിഗണന ഒട്ടുമില്ല. സഹകരണ ബാങ്കുകള്‍ക്ക് അത്തരം സമീപനം സ്വീകരിക്കാനാവില്ല. അതിന്റെ ഭരണസമിതി അംഗങ്ങള്‍ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നവരല്ലേ? അവര്‍ പലപ്പോഴും ഉദാരമായ തിരിച്ചടവ് സൗകര്യം ബുദ്ധിമുട്ടിലായ വായ്പക്കാര്‍ക്ക് നല്‍കാറുണ്ട്. ഇത് ആര്‍ ബി ഐയ്ക്ക് മനസിലാവില്ല. അവരുടേത് യാന്ത്രികമായ സമീപനമാണ്. ഈ NPA ലിസ്റ്റ് കിട്ടി ഒരു മാസം കഴിയുമ്പോള്‍ ആര്‍ബിഐ വീണ്ടും സിഇഒയോടു ചോദിക്കും ഇതില്‍ എത്ര arbitration ഫയല്‍ ചെയ്തു, റവന്യൂ റിക്കവറി നടപടി എത്ര, എത്രയെണ്ണം ARCയ്ക്കു വിട്ടു, എത്ര ജപ്തി നടന്നു? എന്നതിന്റെ മുഴുവന്‍ വിവരങ്ങളും അവര്‍ക്കു വേണം. ഇതിനെല്ലാം പുറമേ ആര്‍ ബി ഐ പറയുകയാണ് ഒരു Board of Management വേണം. അതിന്റെ യോഗ്യതകൾ അവര്‍ തീരുമാനിക്കും.

അങ്ങനെ ആര്‍ബിഐ ബാങ്കിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും സിഇഒയിലൂടെ ഏറ്റെടുക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവിലെ മൂന്നു പേരെ മാനേജ്‌മെന്റ് ബോര്‍ഡില്‍ നിങ്ങള്‍ വെച്ചോളൂ, പ്രസിഡന്റ് ഉള്‍പ്പെടെ. പക്ഷേ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് മാനേജ്‌മെന്റ് ബോര്‍ഡിന്റെ പ്രസിഡന്റാവാന്‍ പറ്റില്ല. അതിന് professional qualifications വേണം. ഫലത്തില്‍, അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതികളുടെ ജനകീയ സ്വഭാവം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്തത്ര ജപ്തി നടപടികള്‍ നടന്നു. ഭരണസമിതി അംഗങ്ങള്‍ക്ക് ജനരോഷം ഭയന്ന് ഒളിച്ചു നടക്കേണ്ട സ്ഥിതി വന്നു.

അര്‍ബന്‍ ബാങ്കുകളുടെ ഭാവിയെന്താണ്?
ഒരു അര്‍ബന്‍ ബാങ്കിന്റെ ധനസ്ഥിതി പരിശോധിക്കാന്‍ ആര്‍ബിഐയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച്, ഒരു ബാങ്ക് അല്‍പ്പം ക്ഷീണാവസ്ഥയിലാണെന്നു കണ്ടാല്‍ ഉടന്‍ മറ്റൊരു അര്‍ബന്‍ ബാങ്കുമായി ലയിപ്പിക്കുകയാണ്. അടൂര്‍ ബാങ്കിനെ കോട്ടയവുമായി കൂട്ടിച്ചേര്‍ത്തു. അടൂര്‍ ബാങ്കില്‍ വായ്പയുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സംസാരിക്കണമെങ്കില്‍ ഇപ്പോള്‍ കോട്ടയത്തു വരണം. ഫലത്തില്‍ ഈ 51 അര്‍ബന്‍ ബാങ്കുകള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്, വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇവയില്‍ പലതും ഇല്ലാതാവും. ഒരാള്‍ക്കും ഈ സാഹചര്യത്തെ പിടിച്ചുനിര്‍ത്താനാവില്ല. ഇതുതന്നെയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും സംഭവിക്കാന്‍ പോവുന്നത്.

കേരള ബാങ്കിന്റെ 769 ബ്രാഞ്ചുകള്‍ക്കും ആര്‍ ബി ഐ ലൈസന്‍സ് നല്‍കിക്കഴിഞ്ഞു. നേരത്തെ 20 ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി എന്തു ചെയ്യണമെന്ന് ആര്‍ ബി ഐ തീരുമാനിക്കും, അതാണ് സ്ഥിതി. സംസ്ഥാന സഹകരണ ബാങ്കിന്റെ ബോര്‍ഡിനെ സംബന്ധിച്ചും ആര്‍ ബി ഐ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. ഈ ബോര്‍ഡിന്റെ ചെയര്‍മാന്‍ മറ്റൊരു ബോര്‍ഡിന്റെയും മെമ്പറോ, ചെയര്‍മാനോ ആവരുത്. അതൊരു പ്രതിസന്ധിയാണ്. ഞാനിവിടെയിരിക്കുന്നത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പ്രതിനിധിയായിട്ടാണ്. മൂവാറ്റൂപുഴ ബാങ്കിന്റെ പ്രതിനിധി സ്ഥാനം ഒഴിഞ്ഞാല്‍ കേരള ബാങ്കിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പും അസാധുവാകും.

നിയമപ്രശ്‌നങ്ങളിലേക്ക് അത് ചെന്നെത്തും. കേരള ബാങ്കിന്റെ ചെയര്‍മാനെ കേരള ഗവണ്‍മെന്റിന് നോമിനേറ്റ് ചെയ്യാമോ എന്ന് ഞങ്ങള്‍ ആര്‍ ബി ഐയോട് ചോദിച്ചിരുന്നു. അവര്‍ ഒരക്ഷരം പോലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മൂവാറ്റുപുഴ ബാങ്കിന്റെ ഭരണസമിതിയിലും, കേരള ബാങ്കിന്റെ ഭരണസമിതിയിലും എനിക്ക് ഒരേസമയം തുടരാനാവില്ല എന്നു കാണിച്ചുകൊണ്ട് ആര്‍ ബി ഐ കത്തുതന്നു. ഞാനതിന് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്ക് മറുപടി അയച്ചു. അര്‍ബന്‍ ബാങ്ക് പ്രതിനിധി സ്ഥാനം രാജിവെച്ചാല്‍ എനിക്ക് കേരള ബാങ്കില്‍ തുടരാനാവുമോ എന്നാണ് ഞാന്‍ ചോദിച്ചത്. അവര്‍ക്ക് അതിന് ഉത്തരമില്ല.

കേരള ബാങ്കിന്റെ മേല്‍ ആര്‍ബിഐയ്ക്ക് എത്രമാത്രം നിയന്ത്രണങ്ങളുണ്ട്?
ആര്‍ബിഐയ്ക്ക് ഇപ്പോഴും കേരള ബാങ്കിന്റെ മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകും. ഏതെങ്കിലും ബ്രാഞ്ചില്‍, എന്തെങ്കിലും തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍, അവര്‍ക്ക് ആ ബ്രാഞ്ചിന്റെ ലൈസന്‍സ് പിന്‍വലിച്ച് അതിനെ മറ്റൊരു ബ്രാഞ്ചുമായി ലയിപ്പിക്കാം. പ്രൈമറി സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ടി ഡി എസ് പിടിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം കൊണ്ടുവന്നു. ഈ ബോര്‍ഡ് വന്നിട്ട് ഒരു വര്‍ഷമേയായുള്ളൂ. കേരള ബാങ്ക് രൂപീകരിച്ചിട്ട് രണ്ട് വര്‍ഷമേയായുള്ളൂ. കഴിഞ്ഞ മാസം ഞങ്ങള്‍ക്കൊരു നോട്ടീസ് കിട്ടി. 26.5 കോടി രൂപ ഇന്‍കം ടാക്‌സ് അടയ്ക്കണം. അത് 1983 കാലയളവില്‍ എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടത്തിയ എന്തോ ഇടപാടിന്റെ പേരിലുള്ള നികുതിയാണ്.

ഇപ്പോള്‍ ജില്ലാ ബാങ്ക് ഇല്ലാത്തതിനാല്‍ അത് ഞങ്ങളുടെ ചുമലില്‍ വന്നു. പ്രൈമറി സംഘങ്ങള്‍ നടത്തിയ നിക്ഷേപങ്ങളുടെയും, ബിസിനസുകളുടെയും നികുതി ഇപ്പോള്‍ കേരള ബാങ്ക് നല്‍കേണ്ടി വരികയാണ്. അങ്ങനെ അവര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. മൂലധന പര്യാപ്തത (capital adequacy) ഒരു മാനദണ്ഡമാക്കാം. NPA മറ്റൊരു മാനദണ്ഡമായി കൊണ്ടുവരാം. NPA കുറച്ചുകൊണ്ടുവന്ന് മൊത്തം വായ്പകളുടെ 6% ആക്കണം എന്നു പറഞ്ഞാല്‍ കോവിഡിന്റെയും, പ്രളയത്തിന്റെയും, സര്‍വ്വദുരിതങ്ങളുടെയും ആഘാതത്തില്‍ നില്‍ക്കുന്ന കേരള സമ്പദ് വ്യവസ്ഥയില്‍ എങ്ങനെ സാധിക്കും? അതു സാധിക്കാതെ വന്നാല്‍ അവര്‍ക്ക് നടപടിയെടുക്കാം. ലൈസന്‍സ് റദ്ദാക്കാം. ആര്‍ ബി ഐയ്ക്ക് പുതിയ വ്യവസ്ഥകളൊന്നുമില്ലാതെതന്നെ സംസ്ഥാന സഹകരണ ബാങ്കിനെയും, പ്രാഥമിക സംഘങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാനാവും. അപ്പോള്‍ നിയന്ത്രണം കൊണ്ടുവരിക എന്നതല്ല ലക്ഷ്യം. പുതിയ നിയമങ്ങളിലൂടെ ഇവയെ തകര്‍ക്കുക എന്നതാണ്.

എന്താണ് ആര്‍ബിഐയുടെ നീക്കത്തിനു പിന്നില്‍?
ആര്‍ബിഐ വന്നത് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനു സഹായകരമായിട്ടാണ്. നല്ല കാഴ്ച്ചപ്പാടുള്ള ഗവര്‍ണര്‍മാരില്ലെങ്കില്‍ ആര്‍ബിഐയും കേന്ദ്ര ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറും. കേന്ദ്രത്തിന്റെ തീരുമാനം ആര്‍ബിഐ വഴി, ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ ഭേദഗതി വഴി, താഴേത്തട്ടിലേക്ക് വരികയാണ്. അവര്‍ക്കു ചെറിയ സംഘങ്ങളോടു താല്‍പര്യമില്ല. വലിയ സംഘങ്ങള്‍ മതി. അങ്ങനെയാണെങ്കില്‍ ഇവിടെ നിന്നു സംഭരിക്കുന്ന പണം കേരളത്തിനു പുറത്ത് വായ്പയായിട്ടു നല്‍കാമല്ലോ. അവരുടെ കണക്കനുസരിച്ച് മൂന്നുലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയുടെ കൈയ്യിലുണ്ട്.

(രണ്ടര ലക്ഷം കോടി രൂപ പ്രാഥമിക സംഘങ്ങളുടേയും, 60,000 കോടി രൂപ കേരള ബാങ്കിന്റേയും കൈയ്യിലുണ്ട്). അവര്‍ക്ക് നാല് സര്‍ക്കുലറും, കടലാസും മതി ഇത്ര വലിയൊരു നിക്ഷേപത്തെ നിയന്ത്രിക്കാന്‍. ടിഡിഎസ് പിടുത്തം തുടങ്ങിയപ്പോള്‍ പ്രൈമറി സംഘങ്ങള്‍ വിഷമത്തിലായി. ഈ നിയന്ത്രണങ്ങള്‍കൊണ്ട് അനേക ലക്ഷം സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നു. സുപ്രീം കോടതി പോലും പറഞ്ഞു കഴിഞ്ഞു സഹകരണ മേഖല സംസ്ഥാന വിഷയമാണ്, കേന്ദ്രം അതില്‍ കടന്നുകയറുന്നത് ശരിയല്ല എന്ന്.

എന്നിട്ടും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുവെങ്കില്‍ അത് ഫെഡറലിസത്തിനെതിരാണ്. അതാണ് സംസ്ഥാന സഹകരണ മന്ത്രിക്കുതന്നെ ആര്‍ ബി ഐയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.

See also:

https://www.myfinpoint.com/lead-story/2022/02/15/multistate-cooperatives-and-cooperative-movement/

https://www.myfinpoint.com/lead-story/2022/02/16/investors-will-not-lose-a-single-penny-vn-vasavan/