16-ാം ധനകാര്യ കമ്മീഷൻ കാലാവധി നീട്ടി
നിലവിലെ ധനകാര്യ കമ്മീഷൻ്റെ കാലാവധി നീട്ടി സർക്കാർ
16-ാം ധനകാര്യ കമ്മീഷന്റെ കാലാവധി സർക്കാർ നീട്ടി. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. അടുത്ത ഒരു മാസം കൂടെ നിലവിലെ കമ്മീഷൻ തുടരും.അരവിന്ദ് പനഗരിയ അധ്യക്ഷനായ കമ്മീഷൻ, 2023 ഡിസംബർ 31 നാണ് രൂപീകരിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിതരണം ഈ കമ്മീഷനും ശുപാർശ ചെയ്യും. 2026-2031 കാലയളവിലേക്കുള്ളതാണ് ഇത് . ദുരന്ത നിവാരണങ്ങൾക്കുള്ള ധനസഹായ ക്രമീകരണങ്ങളും കമ്മീഷൻ അവലോകനം ചെയ്യും.
കമ്മീഷനിൽ നാല് അംഗങ്ങളാണ് ഇപ്പോഴുള്ളത്. സെക്രട്ടറി റിത്വിക് പാണ്ഡെ. വിരമിച്ച ഉദ്യോഗസ്ഥയായ ആനി ജോർജ് മാത്യുവും സാമ്പത്തിക വിദഗ്ദ്ധനായ മനോജ് പാണ്ടയും കമ്മീഷനിലെ മുഴുവൻ സമയ അംഗങ്ങളാണ്. എസ്‌ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷും ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കറും പാർട്ട് ടൈം അംഗങ്ങളാണ്.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള നികുതി വിഭജനം, വരുമാനം വർദ്ധിപ്പിക്കൽ നടപടികൾ എന്നിവ നിർദ്ദേശിക്കും. ദുരന്ത നിവാരണങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളും കമ്മീഷൻ അവലോകനം ചെയ്യും. എൻകെ സിങ്ങിന്റെ കീഴിലുള്ള 15-ാം ധനകാര്യ കമ്മീഷൻ, അഞ്ച് വർഷ കാലയളവിൽ കേന്ദ്രത്തിന്റെ വിഭജിക്കാവുന്ന നികുതി വരുമാനത്തിൻ്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. 2021-22 മുതൽ 2025-26 വരെ കാലയളവിൽ നൽകണമെന്നായിരുന്നു ഇത്. 14-ാം ധനകാര്യ കമ്മീഷനും സമാനമായ നിർദേശം നൽകിയിരുന്നു.
