ആന്ധ്രയ്ക്ക് അദാനിയുടെ പിന്തുണ; ഒഴുക്കുന്നത് ഒരു ലക്ഷം കോടി രൂപ
ആന്ധ്ര പ്രദേശിന് അദാനിയുടെ പിന്തുണ; ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും
ആന്ധ്രാ പ്രദേശിന് വലിയ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുക.അടുത്ത പത്ത് വർഷത്തിനുള്ളിലാണ് ഒരു ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. പോർട്ട്, സിമൻറ്, ഡാറ്റാ സെന്ററുകൾ, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്തും. ഇതിനോടകം അദാനി ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 40,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ഗ്രൂപ്പിൻ്റെ 15 ബില്യൺ യുഎസ് ഡോളറിൻ്റെ വിസാഗ് ടെക് പാർക്കാണ് ഇവിടുത്തെ ശ്രദ്ധേയമായ പദ്ധതി. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർസ്‌കെയിൽ ഡാറ്റാ-സെന്റർ ഇക്കോസിസ്റ്റമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴിൽ അവസരങ്ങളാണിത്. വരാനിരിക്കുന്ന വൻകിട നിക്ഷേപങ്ങൾ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമാകും.
ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് എല്ലാവരും അനിശ്ചിതത്വം മാത്രം കണ്ടപ്പോൾ ഹൈദരാബാദിലെ അവസരങ്ങൾ മുൻകൂട്ടി കണ്ടയാളാണ് അദാനിയെന്നും ഹൈദരാബാദിനെ ഇന്നവേഷൻ ഹബ്ബാക്കുന്നതിൽ അദാനി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു സൂചിപ്പിച്ചു