മുംബൈയിലെ അപ്പാർട്ട്മൻ്റ് വിൽപ്പന; അമിതാഭ് ബച്ചന് 47ശതമാനം റിട്ടേൺ
അപ്പാർട്ട്മൻ്റ് വിറ്റ് അമിതാഭ് ബച്ചന് തകർപ്പൻ നേട്ടം
മുംബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻകിട നിക്ഷേപം നടത്തിയിരിക്കുന്നവരിൽ പ്രധാനികളാണ് ബച്ചൻ കുടുംബം. മുംബൈയിലെ പ്രീമിയം റസിഡൻഷ്യൽ സ്പോട്ടുകളിൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിരവധി പ്രോപ്പർട്ടികളുണ്ട്. അമിതാഭ് ബച്ചന്റെ രണ്ട് അപ്പാർട്ടുമെന്റുകൾ വിറ്റതിലൂടെ 47 ശതമാനം റിട്ടേണാണ് അടുത്തിടെ നേടിയത്. മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എക്‌സ്‌ക്വിസിറ്റ് കെട്ടിടത്തിന്റെ 47-ാം നിലയിലെ അപ്പാർട്ട്മെൻ്റുകളാണ് വിറ്റഴിച്ചത്. രണ്ട് അപ്പാർട്ടുമെന്റുകൾ നാല് കാർ പാർക്കിംഗ് ഏരിയകളോടെയാണ് വിറ്റത്.
1,820 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് അപ്പാർട്ട്മെന്റുകളും ആറു കോടി രൂപ വീതം വാങ്ങിയാണ് വിറ്റഴിച്ചത്. 30 ലക്ഷം രൂപയായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി. 30,000 രൂപ രജിസ്ട്രേഷൻ ഫീസായി നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 31, നവംബർ 1 തിയതികളിലായി ആണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തിയായത്.
13 വർഷം മുമ്പ് നടത്തിയ നിക്ഷേപം
13 വർഷം മുമ്പ് അമിതാഭ് ബച്ചൻ വാങ്ങിയ അപ്പാർട്ട്മൻ്റാണിത്. 2012 ൽ എട്ടു കോടി രൂപ ചെലവഴിച്ച് വാങ്ങിയ അപ്പാർട്ട്മെൻ്റുകളാണ് 12 കോടി രൂപക്ക് അമിതാഭ് ബച്ചൻ വിറ്റഴിച്ചത്. മുംബൈയിൽ മാത്രമല്ല അയോധ്യയിലും അമിതാഭ് ബച്ചന് റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. ഇവയിൽ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ ഉൾപ്പെടുന്നു. 2024 ൽ അഭിഷേക് ബച്ചനുമായി ചേർന്ന് മുംബൈയിൽ അമിതാഭ് ബച്ചൻ 10 അപ്പാർട്ടുമെന്റുകൾ വാങ്ങിയിരുന്നു. 24.94 കോടി രൂപക്കാണ് അപ്പാർട്ട്മൻ്റ് വാങ്ങിയത്. 2025 ൽ അയോധ്യയിൽ 25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റ് 40 കോടി രൂപക്കാണ് വാങ്ങിയത്.
