മാലിന്യം വലിച്ചെറിയുന്നത് കണ്ടോ? വീഡിയോ എടുത്തോളൂ.. ക്യാഷ് പ്രൈസ്

മാലിന്യ നിർമാർജനത്തിന് പ്രത്യേക പദ്ധതിയുമായി ബെംഗളൂരൂ

Update: 2025-11-04 09:56 GMT

വഴിയിൽ ആരെങ്കിലും അലക്ഷ്യമായി മാലിന്യം ഇടുന്നത് കണ്ടോ? വീഡിയോ എടുത്ത് അപ്ലോഡ് ചെയ്താൽ ബെം​ഗളൂരു നിവാസികൾക്ക് 250 രൂപ വീതം പ്രതിഫലം  കിട്ടും.ബെംഗളൂരുവിന്റെ പുതിയ മാലിന്യ വിരുദ്ധ പദ്ധതിയുടെ ഭാ​ഗമായാണ്  വീഡിയോകൾക്ക് 250 രൂപ വീതം  നൽകാനുള്ള തീരുമാനം. വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി വീഡിയോകൾ അപ്‍ലോഡ് ചെയ്യാനാകും.

മാലിന്യം വലിച്ചെറിയുന്നത് ആരാണെന്ന് തിരിച്ചറിയാനാകുന്ന വീഡിയോകൾക്കാണ് പ്രതിഫലം നൽകുന്നത്. മാലിന്യ നിർമാർജനം സംബന്ധിച്ച പൊതുജനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സംരംഭമെന്ന് ബെം​ഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മൻ്റ് ലിമിറ്റഡ് സിഇഒ കരി ഗൗഡ പറഞ്ഞു. വീടുകളിൽ എത്തി വരണ്ടതും നനഞ്ഞതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന ഏകദേശം 5,000 മാലിന്യ ശേഖരണ ഓട്ടോറിക്ഷകൾ ബെംഗളൂരുവിൽ ഉണ്ട്. എന്നിട്ടും ആളുകൾ ഇപ്പോഴും തെരുവുകളിലും പൊതു ഇടങ്ങളിലും മാലിന്യം വലിച്ചെറിയുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് പുതിയ പദ്ധതിയുമായി ബെം​ഗളൂരു രം​ഗത്തെത്തിയിരിക്കുന്നത്. 

വികേന്ദ്രീകൃത മാതൃകയിലാണ് ബെംഗളൂരുവിന്റെ മാലിന്യ സംസ്കരണ സംവിധാനം. എന്നാലും നിരവധി വെല്ലുവിളികളുണ്ട്. കരമാലിന്യങ്ങൾ നിറഞ്ഞ മാലിന്യ കൂമ്പാരങ്ങൾ നഗരത്തിന്  വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പ്രതിദിനം 6,000 ടണ്ണിലധികം മാലിന്യമാണ് ബെംഗളൂരുവിൽ മാത്രം കുമിഞ്ഞു കൂടുന്നത്. ഖരമാലിന്യ സംസ്കരണത്തിനായി "ഗാർബേജ് ടാക്സ്" തന്നെ അടുത്തിടെ കൊണ്ടുവന്നിരുന്നു. പ്രോപ്പർട്ടി ടാക്സുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്.  മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാൻുകളും  നഗരത്തിലുണ്ട്.  

Tags:    

Similar News