കൊക്കകോള ഇന്ത്യ മദ്യ വിപണിയിലേക്ക്, പരീക്ഷണം തുടങ്ങി ലെമൺ-ഡൗ

    Update: 2023-12-11 05:18 GMT

    ആൽക്കഹോൾ വിഭാഗത്തിലേക്ക് കടക്കുന്നതിന്‍റെ പരീക്ഷണ ഘട്ടം കൊക്കകോള ഇന്ത്യ ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തിൽ വിൽക്കുന്ന റെഡി-ടു-സെർവ് ആൽക്കഹോൾ പാനീയമായ ലെമൺ-ഡൗ ആണ് ഗോവയിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി നടപ്പാക്കിയിട്ടുള്ളത്. 

    ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായി വാറ്റിയെടുത്ത മദ്യമായ ഷോച്ചുവിന്‍റെയും നാരങ്ങയുടെയും മിശ്രിതമാണ് ലെമൺ-ഡൗ. ആല്‍ക്കഹോള്‍ ഇല്ലാത്ത റെഡി-ടു ഡ്രിങ്ക് ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമായ ഫെസിലിറ്റികളില്‍ ഇവ തയാറാക്കുന്നില്ലെന്നും ഈ ആല്‍ക്കഹോള്‍ പാനീയങ്ങളുടെ തയ്യാറാക്കലും വിതരണവും പ്രത്യേകമുള്ള സംവിധാനങ്ങളിലാണ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

    ആദ്യമായി ജപ്പാനിൽ ലോഞ്ച് ചെയ്ത ഒരു ആൽക്കഹോൾ കോക്ടെയ്ൽ ആണ് ലെമൺ-ഡൗ. 2018-ൽ ആഗോള വിപണിയിലെത്തിയ ലെമൺ-ഡൗ, കൊക്കകോളയുടെ ആദ്യത്തെ റെഡി-ടു ഡ്രിങ്ക് ആൽക്കഹോൾ പാനീയമാണ്. കൊക്കകോളയെ ഒരു പരിപൂര്‍ണ ബിവറെജ് കമ്പനിയാക്കി മാറ്റുന്നത ചുവടുവെപ്പായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

    പരീക്ഷണ ഘട്ടത്തില്‍ 250 മില്ലി ലിറ്ററിന് 230 രൂപയാണ് ഈ ഉല്‍പ്പന്നത്തിന് കൊക്കകോള ഇന്ത്യ ഈടാക്കുന്നത്. മദ്യം വളരെ വലിയ ഉല്‍പ്പന്ന വിഭാഗമാണെന്നും അതിന്‍റെ അടിസ്ഥാനത്തിലുള്ള ബോധപൂര്‍വമായ പരീക്ഷണമാണ് നടത്തുന്നതെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നു.

    ഒക്ടോബറിൽ, കൊക്കകോളയും സ്പിരിറ്റ് നിർമ്മാതാക്കളായ പെർനോഡ് റിക്കാർഡും ഒരു ആഗോള സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. അബ്സൊലട്ട് വോഡ്‍കയും സ്പ്രൈറ്റും ഒരു റെഡി-ടു-ഡ്രിങ്ക് പ്രീ-മിക്സ്ഡ് കോക്ടെയിലായി അവതരിപ്പിക്കുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്.  2024ൽ ഈ കോക്ടെയ്ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ, യുകെ, നെതർലാൻഡ്‌സ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലാണ് ഉൽപ്പന്നം വിൽക്കുക.

    Tags:    

    Similar News