അവധി ദിനങ്ങള്‍ അരികിലെത്തി; നിരക്ക് ഉയര്‍ത്തി ഹോട്ടലുകള്‍

Update: 2023-11-28 09:45 GMT

ക്രിസ്മസ്-ന്യൂയര്‍ അവധികള്‍ക്കായി ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. നിരക്കുകളില്‍ കാര്യമായ വര്‍ധനയോടെയാണ് ഇത്തവണ ഹോട്ടലുകള്‍ സജ്ജമായിരിക്കുന്നത്. ഇതിനോടകം തന്നെ പല ഹോട്ടലുകളും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ജി20 ഉച്ചകോടി, ഐസിസി ലോകകപ്പ്, കോര്‍പ്പറേറ്റ് ബുക്കിംഗ് എന്നിവ ഈ വര്‍ഷം ഹോട്ടല്‍ നിരക്കുകള്‍ ഉയരുന്നതിന് കാരണമായിട്ടുണ്ട്. അതിനാല്‍ വര്‍ഷാന്ത്യത്തിലും നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് ഹോട്ടലുടമകളുടെ പക്ഷം. കൂടാതെ വിവാഹ സീസണാണെന്നതും നിരക്ക് ഉയര്‍ന്ന നിൽക്കാൻ കാരണമാകും. പലരും ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഹോട്ടല്‍ റൂമുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ ഈ വര്‍ഷത്തെ ഡിമാന്റ് വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് ഏകദേശം 15 ശതമാനത്തോളം വര്‍ധനയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല ഹോട്ടലുകളും മികച്ച പാക്കേജുകളും സജ്ജമാക്കിയിട്ടുണ്ട്. അക്കോറിന്റെ ആഡംബര ഹോട്ടലായ റാഫിള്‍സ് ഉദയ്പൂര്‍, ശരാശരി പ്രതിദിന നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ന്നതായി ജനറല്‍ മാനേജര്‍ രാജേഷ് നമ്പി പറയുന്നു. പല ഹോട്ടലുകളും ഇതിനോടകം ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

ബിസിനസ് പ്രവര്‍ത്തനങ്ങളിലെ കുതിച്ചുചാട്ടവും വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയും, ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് നിരക്ക് വര്‍ധനവിന് കാരണമാകുന്നതെന്ന് വിന്ധം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിലെ യുറേഷ്യ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ നിഖില്‍ ശര്‍മ്മ പറഞ്ഞു.

''ഈ പാദത്തില്‍ ഹോട്ടലുകളില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഉദയ്പൂര്‍, ഗോവ, മുസ്സൂറി, അജ്മീര്‍, ജയ്പൂര്‍, ചണ്ഡീഗഡ്, കൊച്ചി എന്നിവിടങ്ങളിലെ ഞങ്ങളുടെ പ്രോപ്പര്‍ട്ടികളുടെ ബുക്കിംഗുകളിലും ഒക്കുപ്പന്‍സി നിരക്കുകളിലും ഗണ്യമായ വര്‍ധന കണ്ടു. ഈ പ്രവണത വിനോദ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ഗുരുഗ്രാം, വാരണാസി, അലിഗഢ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ബിസിനസ്സ് ഹോട്ടലുകള്‍ പോലും വിവാഹ സത്കാരങ്ങള്‍ക്കായി ബുക്കുചെയ്തിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യാത്രകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വിമാനയാത്രാ നിരക്കിലും ഇത് പ്രകടമാണ്. ക്രിസ്മസും പുതുവര്‍ഷവും തിങ്കളാഴ്ച വരുന്നതിനാല്‍ യാത്രക്കാര്‍ നീണ്ട വാരാന്ത്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും വര്‍ഷാവസാന യാത്രകള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ബുക്കിംഗ് ഡോട്ട് കോമിന്റെ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ വിഭാഗം കണ്‍ട്രി മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News