ആറു മണിക്കൂർ യാത്രക്ക് അരമണിക്കൂർ മതി; ഇന്ത്യയിലെ വലിയ അണ്ടർ വാട്ടർ ടണൽ
ഇന്ത്യയിലെ ഏറ്റവും നീളമേറിയതുമായ അണ്ടർ വാട്ടർ ടണൽ വന്നേക്കും. കേന്ദ്ര മന്ത്രി സഭയുടെ അനുമതിക്കായി നിർണായക പദ്ധതി.
ആറു മണിക്കൂർ യാത്ര അരമണിക്കൂർ കൊണ്ട് പൂർത്തിയാക്കാം. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ ടണൽ വരുന്നു. രാജ്യത്തെ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഏറ്റവും പുതിയ പദ്ധതിക്ക് ഏകദേശം 14,900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡിപിആർ പൂർത്തിയായ പദ്ധതിപ്രകാരമുള്ള തുരങ്ക നിർമാണം തുടങ്ങിയാൽ ജലഗതാഗത രംഗത്തും പുതിയ അധ്യായമാകും. ചൈനയുടെ അതിർത്തിക്കടുത്താണ് തുരങ്കം നിർമ്മിക്കുന്നത് എന്നതിനാൽ പ്രതിരോധ മേഖലക്കും ഗുണമാണ്.
ആസാമിലെ നുമാലിഗഡിനെയും ഗോഹ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ബ്രഹ്മപുത്ര നദിയുടെ ഒരു ഭാഗത്ത് ഏകദേശം 32 മീറ്റർ താഴെയായി ആയിരിക്കും തുരങ്കം നിർമിക്കുക. നിർമാണം പൂർത്തിയാക്കാൻ അഞ്ച് വർഷം വേണമെന്നാണ് റിപ്പോർട്ടുകൾ. മൊത്തം 34 കിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും തുരങ്കവും റോഡുകളും. എന്നാൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി നൽകിയേക്കും എന്നാണ് സൂചന.
ആസാമിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനൊപ്പം, പദ്ധതി ഇന്ത്യയുടെ പ്രതിരോധ മേഖലക്കും ഗുണമാകും. ആറു മണിക്കൂർ വേണ്ടി വരുന്ന യാത്രകൾക്ക് ഇനി അര മണിക്കൂർ മതിയാകും. ഇന്ത്യയിലെ ഏറ്റവും സങ്കീർണ്ണവുമായ സിവിൽ എഞ്ചിനീയറിംഗ് പദ്ധതികളിൽ ഒന്നായും ഇത് മാറും. പദ്ധതിക്കുള്ള ഫണ്ടിന്റെ 20 ശതമാനം പ്രതിരോധ മന്ത്രാലയം നൽകും. 80 ശതമാനം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൽ നിന്ന് ധനസഹായമായി നൽകും.
അരുണാചൽ പ്രദേശ്, മണിപ്പുർ, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും തുരങ്കം സഹായിക്കും. നിലവിൽ മഴക്കാലത്ത്, പാലത്തിലൂടെയുള്ള ഗതാഗതവും ഫെറി സർവീസുകളും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതിനും തുരങ്ക നിർമാണം പരിഹാരമാകും.
