ഐടി മേഖലയിലെ കൂട്ടപിരിച്ചുവിടൽ; ആർക്കൊക്കെ 'പണി' പോകും?
ടിസിഎസ്, ആക്സഞ്ചർ എന്നിവക്ക് പിന്നാലെ നിരവധി ഐടി കമ്പനികളിൽ കൂട്ടപിരിച്ചുവിടൽ
ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടൽ വ്യാപകമാണ്. ടിസിഎസ്, ആക്സഞ്ചർ എന്നിവയെല്ലാം തൊഴിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചു. മാർച്ച് 2026-ഓടെ മൊത്തം തൊഴിലാളികളുടെ രണ്ടു ശതമാനം വരെ കുറയ്ക്കും എന്നാണ് ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ തൊഴിലാളികളുടെ പുനസംഘടനയുടെ ഭാഗമായി ഒരു ശതമാനം തൊഴിലാളികളെയാണ് ഇപ്പോൾ പിരിച്ചുവിടുന്നതെന്ന് ടിസിഎസ് ചീഫ് എച്ച്ആർ ഓഫീസർ സുദീപ് കുന്നുമൽ അറിയിച്ചു. 6000 പേർക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടമാകുന്നത് എന്നാണ് വെളിപ്പെടുത്തൽ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പെരുപ്പിച്ച റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും സുദീപ് ചൂണ്ടിക്കാട്ടി.
എന്നാൽ അടുത്ത പാദത്തിൽ 19755 പേർക്ക് വരെ തൊഴിൽ നഷ്ടമായേക്കാം എന്ന് സൂചനയുണ്ട്. ജൂലൈ പാദത്തിൽ 1800 പേർക്ക് ടിസിഎസ് തൊഴിൽ നൽകിയിരുന്നു.എഐ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായാണ് ആക്സഞ്ചർ ആയിരക്കണക്കിന് തൊഴിലുകൾ വെട്ടിച്ചുരുക്കുന്നതായി പരാമർശിച്ചത്.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ആക്സഞ്ചറിൽ 11,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായിരുന്നു. സാലറി ഇനത്തിൽ ചെലവഴിക്കുന്ന 80 കോടി ഡോളറിലധികം സംരക്ഷിക്കുകയാണ് ലക്ഷ്യം. ബാക്കിയുള്ള ജീവനക്കാർക്ക് എഐയിൽ പരിശീലനം നൽകണമെന്നാണ് നിർദേശം. ലോകത്തിലെ തന്നെ വൻകിട ഐടി കമ്പനികൾക്ക് കൺസൾട്ടിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ആക്സഞ്ചർ.
ഈ വർഷം ഗൂഗിളും മെറ്റയും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ തൊഴിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ്, ഡെൽ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളും ജീവനക്കാരെ കുറയ്ക്കുകയാണ്. മെറ്റ 3,600 ജീവനക്കാരെയാണ് ചുരുക്കിയത്. ഡെൽ 10 ശതമാനം തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. എഐ വ്യാപകമാകുന്നതിനാൽ അടുത്ത തലമുറ എഐ സേവനങ്ങളിലേക്കും റോളുകളിലേക്കും അപ്ഗ്രേഡ് ചെയ്യുന്നത് ജീവനക്കാർക്കും നേട്ടമാകും.
