മെയ്ഡ്-ഇന്‍-ഇന്ത്യ മദര്‍ബോര്‍ഡുള്ള പിസികളുമായി ലെനോവോ

  • ഇന്ത്യയില്‍ ലെനോവോയുടെ നിര്‍മ്മാണം വിപുലീകരിക്കും
  • നിലവിലുള്ള വിപണി സാധ്യതയെക്കുറിച്ച് കമ്പനിക്ക് മികച്ച പ്രതീക്ഷ

Update: 2023-11-25 09:55 GMT

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പിസി നിര്‍മ്മാതാക്കളായ ലെനോവോ, അതിന്റെ മെയ്ഡ്-ഇന്‍-ഇന്ത്യ മദര്‍ബോര്‍ഡുള്ള പിഎംഎ-കംപ്ലയിന്റ് (ഇന്ത്യയുടെ പ്രിഫറന്‍ഷ്യല്‍ മാര്‍ക്കറ്റ് ആക്സസ് പോളിസി) പിസികള്‍ പുറത്തിറക്കി. ഇന്ത്യയില്‍ ലെനോവോയുടെ നിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് കമ്പനിയുടെ ഇന്ത്യാ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സൗരഭ് അഗര്‍വാള്‍ പറഞ്ഞു.

തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ 50ശതമാനത്തിലധികം ഘടകങ്ങളുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തീകരിക്കുമെന്ന് അഗര്‍വാള്‍ പുതുച്ചേരിയിലെ കമ്പനിയുടെ ഫാക്ടറിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഈ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരുവില്‍ ലെനോവോയുടെ ഷെയര്‍ഡ് സപ്പോര്‍ട്ട് സെന്റര്‍ തുറന്നതിനു  തൊട്ടുപിന്നാലെയാണ് ലെനോവോയുടെ പ്രഖ്യാപനം.

ഐടി ഹാർഡ് വെയർ  സ്‌കീമിനായുള്ള പിഎല്‍ഐ 2.0 സ്‌കീമിനായുള്ള 27 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി അടുത്തിടെ പ്രഖ്യാപിച്ചതോടെ, പിസി ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും അതുവഴി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനുകീഴിലുള്ള മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് സംഭാവന നല്‍കുന്നതിനും ലെനോവോയ്ക്ക് അധിക പ്രചോദനം ലഭിച്ചതായി അഗര്‍വാള്‍ പറഞ്ഞു.

ഐബിഎമ്മിന്റേതായിരുന്ന പുതുച്ചേരി  പ്ലാന്റിന് 1.4 ദശലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള വാര്‍ഷിക ശേഷിയുണ്ട്. നിലവില്‍ അതിന്റെ വിനിയോഗം പകുതിയോളം വരും. ഇപ്പോള്‍ മൂന്ന് ഷിഫ്റ്റുകളുള്ള പ്ലാന്റില്‍ ഒരു ദിവസം 4,500 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

ഏറ്റവും പുതിയ വി15, തിങ്ക്ബുക്ക്15 എന്നിവയുള്‍പ്പെടെ 15 തരം മോഡലുകളാണ് ഇത് നിര്‍മ്മിക്കുന്നതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിലെ വിപണി സാഹചര്യങ്ങളെക്കുറിച്ച്, മികച്ച പ്രതീക്ഷയാണുള്ളതെന്ന് അഗര്‍വാള്‍ പറയുന്നു. പിസിയുടെ ആവശ്യകത കുറയുന്നില്ല, 3-4ശതമാനം വളര്‍ച്ചനേടുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News