വൻ കുതിപ്പിനൊരുങ്ങി ഇലക്ട്രോണിക്സ് രംഗം; ഇനി വിദേശ സഹായമില്ലാതെ രാജ്യത്ത് കാമറ മൊഡ്യൂൾ നിർമാണം
ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് വരുന്നത് വലിയ മാറ്റങ്ങൾ. പുതിയ പദ്ധതികൾ ഈ രംഗത്തെ ഇന്ത്യയുടെ ഇറക്കുമതി കുറയ്ക്കും.
ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകി സർക്കാർ. 5,532 കോടി രൂപയുടെ പുതിയ പ്രോജക്റ്റുകൾക്കാണ് അനുമതി. ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ നിർമാണത്തിനായുളള 249 പ്രപ്പോസലുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏഴു പ്രോജക്റ്റുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. മൾട്ടി-ലെയർ പ്രിൻ്റഡ് സർക്യൂട്ട് ബോർഡുകൾ, കാമറ മൊഡ്യൂളുകൾ, കോപ്പർ ലാമിനേറ്റുകൾ, പോളിപ്രൊഫിലിൻ ഫിലിമുകൾ എന്നിവയുടെയൊക്കെ നിർമാണത്തിനുള്ള പദ്ധതികൾക്കാണ് അനുമതി ലഭിക്കുന്നത്. പുതിയ പ്ലാൻ്റുകൾ രാജ്യത്തെ ഇലക്ട്രോണിക്സ് രംഗത്തെ ഇറക്കുമതിയിൽ 20,000 കോടി രൂപയുടെ കുറവ് കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്.
ഇൻ്റഗ്രേറ്റഡ് ഇലക്ട്രോണിക്സ് രംഗത്തെ വൻകിട കമ്പനിയായ കെയ്ൻസ് ടെക്നോളജി ലിമിറ്റഡിനാണ് നാലു പ്രോജക്റ്റുകൾക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. കെയ്ൻസിന്റെ പദ്ധതികളിൽ മൾട്ടി-ലെയർ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് ( പിസിബി) നിർമാണം,ക്യാമറ മൊഡ്യൂൾ സബ്-അസംബ്ലി, ഹൈ-ഡെൻസിറ്റി ഇന്റർകണക്ട് പിസിബി നിർമാണം എന്നിവ ഉൾപ്പെടുന്നു. അസെൻ്റ് സർക്യുട്ട്സിൻ്റെ 991 കോടി രൂപയുടെ പദ്ധതി, ശർമ സട്രാറ്റജിക് ഇലക്ട്രോണിക്സിൻ്റെ മൾട്ടി ലെയർ പിസിബി നിർമാണ പദ്ധതി എന്നിവയാണ് അംഗീകാരം ലഭിച്ചിരിക്കുന്ന മറ്റ് പ്രോജക്റ്റുകൾ. എസ്ആർഎഫിൻ്റെ പോളിപ്രൊഫിലിൻ ഫിലിം നിർമ്മാണ പദ്ദതിയാണ് മറ്റൊരു ശ്രദ്ധേയ പ്രോജക്റ്റ്.
വിദേശ സഹായമില്ലാതെ കാമറ മൊഡ്യൂൾ
ഒരു വിദേശ സാങ്കേതിക വിദ്യയുടെയും പിന്തുണയില്ലാതെ രാജ്യത്ത് ആദ്യമായാണ് കാമറ മൊഡ്യൂളുകൾ നിർമിക്കുന്നത്. സ്മാർട്ട്ഫോൺ, ടാബ്, ലാപ്ടോപ്പുകൾ, സിസിടിവി എന്നിവയിലൊക്കെ ഉപയോഗിക്കാൻ കഴിയുന്ന മൊഡ്യൂളുകളാണിവ. തദ്ദേശീയ കാമറ മൊഡ്യൂൾ നിർമാണം ഈ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിനും വഴിവയ്ക്കും.
രാജ്യത്തെ മൊത്തം ക്യാമറ മൊഡ്യൂളുകളുടെ ആവശ്യകതയുടെ 15 ശതമാനവും നിറവേറ്റാൻ സഹായകരമാണ് നടപടി. പിസിബി നിർമാണത്തിനായുള്ള പദ്ധതികൾ രാജ്യത്തെ മൊത്തം ആവശ്യകതയുടെ 27 ശതമാനവും നിർവഹിക്കാൻ സഹായകരമാണ്.കപ്പാസിറ്ററുകളിൽ ഉപയോഗിക്കുന്ന കോപ്പർ ലാമിനേറ്റുകളും പോളിപ്രൊഫൈലിൻ ഫിലിമുകളും ഇന്ത്യയിൽ നിർമ്മിക്കുന്നതും വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടുന്നു.
