ബൈജൂസ് മാസങ്ങളായി പിഎഫും മുടക്കി

  • പേ സ്ലിപ്പിന്‍റെ സ്ക്രീന്‍ഷോട്ടുമായി മുന്‍ ജീവനക്കാരുടെ പ്രതിഷേധം
  • ഒരു മാസത്തെ പിഎഫ് വിഹിതം അടുത്തമാസം 15നകം അടയ്ക്കണമെന്ന് ചട്ടം
  • മേയിലെ പിഎഫ് വിഹിതം 31 ജീവനക്കാരുടെ അക്കൗണ്ടുകളില്‍ മാത്രം

Update: 2023-06-26 09:29 GMT

ഇന്ത്യയിലെ എഡ്ടെക് ഭീമന്‍ ബൈജൂസ് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്‍റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈജൂസിന്റെ നിരവധി മുൻ ജീവനക്കാർ കമ്പനി പിഎഫ് അടച്ചിട്ടില്ലെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ചില മുന്‍ ജീവനക്കാര്‍ ഇപിഎഫ് അക്കൗണ്ട് പാസ്‌ബുക്കിന്റെയും സാലറി സ്ലിപ്പുകളുടെയും സ്‌ക്രീൻഷോട്ടുകൾ പങ്കിട്ട് തെളിവുനിരത്തി. 

ഇപിഎഫ്ഒ പോർട്ടലിൽ നിന്നുള്ള ഡാറ്റയും, ജീവനക്കാര്‍ക്കായി കമ്പനി പ്രതിമാസം നടത്തേണ്ട നിക്ഷേപങ്ങൾ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ബൈജൂസിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് പിഎഫ് അടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നത്.  3,164 ജീവനക്കാർക്കുള്ള ഏപ്രിലിലെ പിഎഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിന് ശേഷം കമ്പനി അടച്ചു.  31 ജീവനക്കാരുടെ അക്കൗണ്ടുകൾക്ക് മാത്രമാണ് മേയ് മാസത്തെ പേയ്‌മെന്റ് ഇതുവരെ ലഭിച്ചിട്ടുള്ളത്.  2022 ഡിസംബർ, 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പിഎഫ് വിഹിതം ജൂൺ 19-ന് കമ്പനി നൽകി. എന്നിരുന്നാലും, എല്ലാ ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്ക് പിഎഫ് തുക നിക്ഷേപിച്ചിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ വ്യക്തമാക്കുന്നു. 

കുറച്ചുകാലമായി പിഎഫ് പണം അടയ്ക്കുന്നതിൽ ബൈജൂസ് വീഴ്ചകള്‍ വരുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, 2020 മുതല്‍ കുടിശികയുള്ള പിഎഫ് പണം 2023 ജൂണിൽ മാത്രം നൽകിയ കേസുകളുണ്ട്. ഒരു മാസത്തിനായുള്ള പിഎഫ് വിഹിതം ഒരു കമ്പനി അടുത്ത മാസം 15നകം നിക്ഷേപിക്കണമെന്നാണ് ഇപിഎഫ്ഒ നിയമങ്ങൾ അനുശാസിക്കുന്നത്. ഇതില്‍ വരുന്ന ഏതു കാലതാമസത്തിനും തുകയുടെ 5-100 ശതമാനം പിഴ ഈടാക്കാം. ബൈജൂസ് നിലവില്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് പിഎഫ് വിഹിതം മുടങ്ങിയതിനെയും വ്യാവസായിക വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. 

1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട് പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കമ്പനിയെ കുറിച്ച് തുടര്‍ച്ചയായി അശുഭകരമല്ലാത്ത വാര്‍ത്തകള്‍ പുറത്തുവരികയാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കുകയാണ്. ടേം ലോണ്‍ ബി-യിലെ തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തിനെതിരേ കമ്പനി ഇപ്പോള്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വായ്പാദാതാക്കളും ബൈജൂസും നിലപാട് കടുപ്പിച്ചത്.

അതിനിടെ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് 3 പേര്‍ രാജിവെച്ചെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇവരുടെ രാജി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി തുടരുകയാണെന്നാണ് വിവരം. ഇതിനു പിന്നാലെ ബൈജൂസിന്‍റെ ഓഡിറ്റര്‍ എന്ന സ്ഥാനം രാജിവെക്കുകയാണെന്ന് പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനം ഡോലോയിറ്റും വ്യക്തമാക്കി. സാമ്പത്തിക സ്‍റ്റേറ്റ്‍മെന്‍റുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസമാണ് രാജിക്കു കാരണമായതെന്ന് ഡെലോയിറ്റ് പറയുന്നു. 

Tags:    

Similar News