പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യ

  • പഞ്ചസാര വില ഉയര്‍ത്താന്‍ ചര്‍ച്ചകള്‍ സജീവം

Update: 2023-10-11 10:30 GMT

പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. വരണ്ട കാലാവസ്ഥ മൂലം കരിമ്പ് കൃഷി നേരിട്ട പ്രതികൂല സാഹചര്യമാണ് ഈ നീക്കത്തിന് കാരണം. വരാനിരിക്കുന്ന സീസണില്‍ ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ മാസം ഒന്നിന് കരിമ്പ് സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.

ആഭ്യന്തര വിതരണം മെച്ചപ്പെടുകയാണെങ്കില്‍ ചില വിദേശ വില്‍പ്പനയ്ക്കുള്ള ക്വാട്ടകള്‍ നല്‍കാമെന്ന വാഗ്ദാനമുള്ളതായും വിപണി വൃത്തങ്ങള്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണാണ് ഇന്ത്യയിലുണ്ടായത്. കാര്‍ഷികോത്പാദനത്തിലെ ഇടിവിന്റെ പ്രത്യാഘാതമായുണ്ടാകുന്ന ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടുത്ത വർഷമെത്തുന്ന പൊതുതെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണു ചെലുത്തുന്നത്.

 2023-24 ല്‍ ഉത്പാദനം 14 ശതമാനം ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിലും പഞ്ചസാര ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് അടുത്തേക്ക് നീങ്ങുകയാണ്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഇനിയും വില വര്‍ധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അതേസമയം ഉത്സവ സീസണിന് ആവശ്യമായ പഞ്ചസാര സ്റ്റോക്കുണ്ടെന്നാണ് സര്‍ക്കാർ വ്യക്തമാക്കുന്നത്.

Tags:    

Similar News