പാല്‍ ഉല്‍പ്പാദനത്തില്‍ 23 % വര്‍ധന
- ഏറ്റവുമധികം പാല്‍, മാംസം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശില്‍
- വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കര്‍ണാടകയാണ് ഒന്നാമത്
- ഏറ്റവുംകൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്നത് ആന്ധ്രാപ്രദേശില്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2022-23ല്‍ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനം രാജ്യത്ത് ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം കമ്പിളി ഉല്‍പ്പാദനം കുറഞ്ഞതായും കേന്ദ്ര ക്ഷീരവികസന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ക്ഷീരദിനത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വേനല്‍ (മാര്‍ച്ച്-ജൂണ്‍), മണ്‍സൂണ്‍ (ജൂലൈ-ഒക്ടോബര്‍), ശീതകാലം (നവംബര്‍-ഫെബ്രുവരി) എന്നിങ്ങനെ മൂന്ന് സീസണുകളിലായാണ് രാജ്യത്തുടനീളം സര്‍വേ നടത്തുന്നത്.
2022-23ല്‍ രാജ്യത്തിന്റെ മൊത്തം പാല്‍ ഉല്‍പ്പാദനം 230.58 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. 2018-19 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 22.81 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്. അന്ന് ഉല്‍പ്പാദനം 87.75 ദശലക്ഷം ടണ്ണായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2021-22 ലെ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 2022-23 ല്‍ ഉല്‍പ്പാദനം 3.83 ശതമാനവും വര്‍ധിച്ചു.
2022-23ല്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിച്ച സംസ്ഥാനം ഉത്തര്‍പ്രദേശാണ്. യുപിയുടെ വിഹിതം 15.72 ശതമാനമാണ്. തൊട്ടുപിന്നാലെ രാജസ്ഥാന്‍ (14.44 ശതമാനം), മധ്യപ്രദേശ് (8.73 ശതമാനം), ഗുജറാത്ത് (7.49 ശതമാനം), ആന്ധ്രാപ്രദേശ് (6.70 ശതമാനം) എന്നിവയുണ്ട്.
വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (എജിആര്‍) 8.76 ശതമാനവുമായി കര്‍ണാടക ഒന്നാം സ്ഥാനത്തെത്തി. പശ്ചിമ ബംഗാള്‍ (8.65 ശതമാനം), ഉത്തര്‍പ്രദേശ് (6.99 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
2022-23 കാലയളവില്‍ മൊത്തം മുട്ട ഉല്‍പ്പാദനം 13838 കോടി യൂണിറ്റായി കണക്കാക്കപ്പെട്ടിട്ടുണ്ട്. 2018-19 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 33.31 ശതമാനം വളര്‍ച്ച ഈ രംഗത്ത് രേഖപ്പെടുത്തി. 2018-19ല്‍ ഉല്‍പ്പാദനം 10380 കോടി യൂണിറ്റായിരുന്നു.
ഉല്‍പ്പാദനം2021-22 നെ അപേക്ഷിച്ച് 2022-23 കാലയളവില്‍ 6.77 ശതമാനം വര്‍ധിച്ചു. 2018-19ല്‍ 9.02 ശതമാനവും 2019-20ല്‍ 10.19 ശതമാനവും 2020-21ല്‍ 6.70 ശതമാനവും 2021-22ല്‍ 6.19 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്.
മുട്ട ഉല്‍പ്പാദനത്തില്‍ 20.13 ശതമാനം വിഹിതവുമായി ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്തും, തമിഴ്നാട് (15.58 ശതമാനം), തെലങ്കാന (12.77 ശതമാനം), പശ്ചിമ ബംഗാള്‍ (9.94 ശതമാനം), കര്‍ണാടക (6.51 ശതമാനം) എന്നിവര്‍ തൊട്ടുപിന്നിലുമാണ്.
2022-23 കാലയളവില്‍ രാജ്യത്തെ മൊത്തം മാംസ ഉല്‍പ്പാദനം 9.77 ദശലക്ഷം ടണ്‍ ആയി കണക്കാക്കപ്പെടുന്നു. ഉല്‍പ്പാദനം 8.11 ദശലക്ഷം ടണ്‍ ആയിരുന്ന 2018-19 കണക്കുകളെ അപേക്ഷിച്ച് 20.39 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്.
2019-20ല്‍ 5.98 ശതമാനവും 2020-21ല്‍ 2.30 ശതമാനവും 2021-22ല്‍ 5.62 ശതമാനവുമായിരുന്നു വളര്‍ച്ചാ നിരക്ക്. 12.20 ശതമാനം വിഹിതവുമായി ഉത്തര്‍പ്രദേശാണ് മാംസ ഉല്‍പ്പാദനത്തില്‍ ഒന്നാമത്. പശ്ചിമ ബംഗാള്‍ (11.93 ശതമാനം), മഹാരാഷ്ട്ര (11.50 ശതമാനം), ആന്ധ്രാപ്രദേശ് (11.20 ശതമാനം), തെലങ്കാന (11.06 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടു പിന്നിലുണ്ട്.
2022-23 കാലഘട്ടത്തില്‍ രാജ്യത്തെ മൊത്തം കമ്പിളി ഉല്‍പ്പാദനം 33.61 ദശലക്ഷം കിലോഗ്രാം ആയി കണക്കാക്കപ്പെടുന്നു. 2018-19-നെ അപേക്ഷിച്ച് 16.84 ശതമാനം ഇടിവ് ഈരംഗത്തുണ്ടായി. എന്നിരുന്നാലും, 2021-22 നെ അപേക്ഷിച്ച് 2022-23ല്‍ 2.12 ശതമാനം വര്‍ധനയുണ്ടായി.
കമ്പിളി ഉല്‍പ്പാദനത്തില്‍ 47.98 ശതമാനം വിഹിതവുമായി രാജസ്ഥാന്‍ മുന്നിലും ജമ്മു & കശ്മീര്‍ (22.55 ശതമാനം), ഗുജറാത്ത് (6.01 ശതമാനം), മഹാരാഷ്ട്ര (4.73 ശതമാനം), ഹിമാചല്‍ പ്രദേശ് (4.27 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുമാണ്.
