ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ; ലിസ്റ്റിങ്ങിന് ശേഷം വിപണി മൂല്യം ഇങ്ങനെ
ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ലിസ്റ്റിങ്ങിന് ശേഷം ഇരു കമ്പനികളുടെയും മൂല്യമെങ്ങനെ?
ടാറ്റ മോട്ടോഴ്സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ഓഹരികൾ 28 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ലിസ്റ്റിങ്ങിന് ശേഷം രണ്ട് പുതിയ ടാറ്റ മോട്ടോഴ്‌സ് സ്ഥാപനങ്ങളുടെയും വിപണി മൂല്യം 2.7 ലക്ഷം കോടി രൂപ കവിഞ്ഞു. ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് ഓഹരികൾ എൻഎസ്‌ഇയിൽ 335 രൂപക്കും ബിഎസ്‌ഇയിൽ 330.25 രൂപക്കുമാണ് ലിസ്റ്റ് ചെയ്തത്. രണ്ടു രൂപ മുഖവിലയുള്ള 368 കോടിയിലധികം ഓഹരികളാണ് 'ടിഎംസിവിഎൽ' എന്ന പേരിൽ വ്യാപാരം ചെയ്യുന്നത്.
വിഭജനത്തിന് ശേഷം ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകൾക്ക് കൊമേഴ്സ്യൽ വെഹിക്കിൾസിലും ആനുപാതികമായി ഓഹരികൾ ലഭിച്ചു. വാണിജ്യ വാഹന ബിസിനസ് വിഭജിക്കുന്നതോടെ ഇരു വിഭാഗത്തിലും ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇരു കമ്പനികൾക്കുമുള്ള പ്രവർത്തന സ്വാതന്ത്ര്യം മികച്ച വിപണി മൂല്യം ഉറപ്പാക്കുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഇനി പാസഞ്ചർ വാഹനങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും. ടാറ്റ മോട്ടോഴ്സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് വാണിജ്യ വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ലയനം 2025 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
അലോട്ട്മെന്റിനുശേഷം, ടാറ്റ മോട്ടോഴ്‌സ് സിവിയുടെ പെയിഡ് അപ് ഇക്വിറ്റി മൂലധനം 7,36.47 കോടി രൂപയാണ്. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് (ടിഎംപിഎൽ) ടിഎംപിവിഎല്ലുമായി ലയിപ്പിക്കുന്നത് അധിക ഓഹരി ഇഷ്യുചെയ്യുന്നതിന് വഴിവെക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ലയനം രണ്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ നടന്നതിനാലാണിത്.
