അദാനിക്ക് പിന്നാലെ ടാറ്റയും; സോളാർ വേഫർ ഉൽപാദന രംഗത്ത് മത്സരം ശക്തമാകും
സോളാർ വേഫർ ഉൽപാദന രംഗത്തേക്ക് ടാറ്റ പവർ. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാൻ്റ് നിർമിക്കും
സോളാർ വേഫറുകൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാൻ്റ് നിർമിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വേഫറുകളും ഇൻഗോട്ട് നിർമ്മാണ പ്ലാന്റും സ്ഥാപിക്കാൻ ടാറ്റ പവർ പദ്ധതിയിടുകയാണ്. 10 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ പ്ലാൻ്റാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് സർക്കാരിൻ്റെ സാമ്പത്തിക സഹായം തേടുകയാണ് കമ്പനി. ഇന്ത്യ ആണവ ശേഷി വികസിപ്പിക്കുന്നതിനനുസരിച്ച് ആണവോർജ്ജ ഉൽപാദന മേഖലയിലേക്ക് പ്രവേശിക്കാനും ടാറ്റ പവർ പദ്ധതിയിടുന്നു.
സോളാർ സെല്ലുകൾ നിർമിക്കുന്നിനുള്ള അടിസ്ഥാന വസ്തുക്കളാണ് ഇൻഗോട്ട്കളും വേഫറുകളും. ഇവ നിർമ്മിക്കാനുള്ള സൗകര്യം ടാറ്റ പവർ തന്നെ വികസിപ്പിക്കുന്നത് ഈ രംഗത്തെ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കും. കമ്പനിക്ക് 4.9 ജിഗാവാട്ട് സംയോജിത സെല്ലും മൊഡ്യൂൾ നിർമ്മാണ ശേഷിയുമാണുള്ളത്. ഇന്ത്യക്ക് യുഎസ് ഉയർന്ന താരിഫ് ചുമത്തുന്നത് സോളാർ മൊഡ്യൂൾ കയറ്റുമതി ആകർഷകമല്ലാതാക്കി മാറ്റി. ഇതോടെ ചില ഇന്ത്യൻ കമ്പനികൾ സെല്ലുകളും ഇൻഗോട്ടുകളും വേഫറുകളും ഉൽപ്പാദിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യയിൽ സോളാർ വേഫറുകളുടെ നിർമാണത്തിനായി അദാനി ഗ്രൂപ്പ് പ്ലാൻ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിവർഷം 2 ജിഗാവാട്ട് ഇൻഗോട്ടുകളും വേഫറുകളും ഉത്പാദിപ്പിക്കാനാകും. ടാറ്റയും ഈ രംഗത്തേക്ക് എത്തുന്നതോടെ രണ്ട് വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമാകുകയും ചെയ്യും.
