ഇനി യുഎസ് ഓഹരികൾ വാങ്ങാം; ഒടുവിൽ വഴി തുറന്ന് സെറോദയും
യുഎസ് ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്ക് വഴിയൊരുക്കി സെറോദയും
നാളുകളായുള്ള നിക്ഷേപകരുടെ ഒരു ആവശ്യത്തിന് പരിഹാരമായെന്ന് സെറോദ സ്ഥാപകൻ നിതിൻ കാമത്ത്. അടുത്ത പാദം മുതൽ നിക്ഷേപകർക്ക് ഗിഫ്റ്റ് സിറ്റി വഴി യുഎസ് ഓഹരികളിൽ നിക്ഷേപം നടത്താമെന്നാണ് സെറോദ സ്ഥാപകൻ്റെ വിലയിരുത്തൽ. നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ യുഎസ് ഓഹരികളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് നിതിൻ കാമത്ത് പറഞ്ഞു. ഏഞ്ചൽ വൺ, ഐഎൻഡിമണി, ജെഎം ഫിനാൻഷ്യൽ, ആക്സിസ് ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ ഒന്നിലധികം ബ്രോക്കറേജുകൾ നിലവിൽ ഈ സൗകര്യം നൽകുന്നുണ്ടെങ്കിലും സെറോദ ഒഴിഞ്ഞുനിൽക്കുകയായിരുന്നു.
സെറോദയുടെ അറ്റാദായത്തിൽ ഇപ്പോൾ ഗണ്യമായ കുറവുണ്ട്. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് ട്രേഡിംഗ് നിയമങ്ങൾ മാറിയതുൾപ്പെടെ ബിസിനസിനെ ബാധിച്ചതാണ് കാരണം. മുൻ സാമ്പത്തിക വർഷത്തിലെ 5,500 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ അറ്റാദായം 4,200 കോടി രൂപയായി കുറഞ്ഞിരുന്നു. വരുമാനം 10,000 കോടി രൂപയിൽ നിന്ന് 8,500 കോടി രൂപയായാണ് കുറഞ്ഞത്.
2020-ൽ, സെറോദ യുഎസ് ഓഹരികളിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് തടസമായിരുന്നു. പിന്നീട് നിക്ഷേപത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് കാമത്ത് അറിയിച്ചിരുന്നു. ഗിഫ്റ്റ് സിറ്റി പിന്നീട് ഈ നടപടിക്രമങ്ങൾ ലളിതമാക്കിയതായി നിതിൻ കാമത്ത് ചൂണ്ടിക്കാട്ടുന്നു. കൊവിഡിന് ശേഷം ഗ്രോ, സെറോദ, ഏഞ്ചൽ വൺ, അപ്‌സ്റ്റോക്സ് തുടങ്ങിയ ബ്രോക്കറേജ് സ്ഥാപനങ്ങൾ അടിത്തറ ശക്തിപ്പെടുത്തിയിരുന്നു. മിക്ക സീറോ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും വരുമാനം കുത്തനെ ഉയർന്നു.
