യൂട്യൂബ് പണിമുടക്കി; നിലച്ച് റീലുകളും വീഡിയോകളും, പരാതി പ്രളയം
ലോകമെമ്പാടും യൂട്യൂബ് നിലച്ചു. പരാതിയുമായി ഉപഭോക്താക്കൾ
ഗൂഗിളിൻ്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പണിമുടക്കിയ അമ്പരപ്പിൽ ഇൻ്റർനെറ്റ് ലോകം. പരാതി പ്രളയം അഭിമുഖീകരിച്ച് യൂട്യൂബ് അധികൃതർ. ലോകമെമ്പാടും പ്രവര്‍ത്തങ്ങൾ നിലച്ചെങ്കിലും അൽപ്പ സമയത്തിന് ശേഷം യൂട്യൂബ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് യൂട്യൂബ് സ്ട്രീമിംഗ് ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
യൂട്യൂബ് മ്യൂസിക് അടക്കമുള്ള മറ്റ് യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും പ്രശ്നം ദൃശ്യമായി. ലോക വ്യാപകമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സാങ്കേതിക തടസം ബാധിച്ചു. രാവിലെ 5.23-ഓടെ മൂന്നരലക്ഷത്തോളം പരാതികളാണ് യൂട്യൂബ് ലഭ്യമാകുന്നില്ല എന്നുകാണിച്ച് ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം രേഖപ്പെടുത്തിയത്. യൂട്യൂബിന്റെ ചരിത്രത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ സാങ്കേതിക പ്രശ്നമാണ് സംഭവിച്ചത്. എന്നാല്‍ യൂട്യൂബ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെടാന്‍ എന്താണ് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
യൂട്യൂബ് നിലച്ച വിവരം പൊടുന്നനെ എക്സിൽ ട്രെൻഡിങ് ടോപ്പിക്കായി മാറി. ഇൻറർനെറ്റ് കണക്ഷൻ്റെ പ്രശ്മാണോ ആഗോള പ്രശ്നമാണോ യൂട്യൂബിനെ ബാധിച്ചതെന്ന തരത്തിൽ ചോദ്യങ്ങളുമായി നൂറു കണക്കിനാളുകൾ എത്തി. #യൂട്യൂബ് ഡൗൺ എന്ന ക്യാംപെയ്ൻ സജീവമാകുകയും ചെയ്തു.
യൂട്യൂബിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രശ്നം പരിഹരിച്ചതായും ഉപയോക്താക്കളുടെ സഹകരണത്തിന് നന്ദി പറയുന്നതായും യൂട്യൂബ് അധികൃതര്‍ അറിയിച്ചു. യൂട്യൂബിലും യൂട്യൂബ് മ്യൂസിക്കിലും ഇപ്പോള്‍ വീഡിയോകള്‍ കാണാനാകുമെന്ന് അധികൃതര്‍ എക്സിലൂടെ വ്യക്തമാക്കി. പ്രശ്നം ശ്രദ്ധയിൽ പെട്ടെന്നും അന്വേഷിച്ച ശേഷം വിവരങ്ങൾ പങ്കിടുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
