ബൈജുസിന്‍റേത് ബാധ്യതയില്‍ നിന്ന് ഒഴിയാനുള്ള അടവ്: വായ്പാദാതാക്കള്‍

  • ബൈജുസിനെതിരേ 21 സ്ഥാപന നിക്ഷേപകരുടെ സംഘം
  • 9 മാസത്തെ ചര്‍ച്ചകളില്‍ പരിഹാരം കണ്ടെത്താനായില്ല
  • കരാര്‍ നടപ്പാക്കുന്നതിന് അവകാശമുണ്ടെന്ന് വായ്പാദാതാക്കള്‍

Update: 2023-06-09 09:07 GMT

1.2 ബില്യണ്‍ ഡോളറിന്‍റെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് എഡ്ടെക് വമ്പന്‍ ബൈജുസ് ന്യൂയോർക്ക് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി ബാധ്യതകള്‍ പാലിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്ന് വായ്പാദാതാക്കള്‍. ഈ ടേം ലോണ്‍ ബി-യുടെ 85 ശതമാനത്തിലധികം കൈയാളുന്ന വായ്പാദാതാക്കളാണ് സംയുക്തമായി കമ്പനിക്കെതിരേ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്.

വായ്പാദാതാക്കള്‍ കരാർ വ്യവസ്ഥകള്‍ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും തിരിച്ചടവ് വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നുമാണ് ബൈജുസിന്‍റെ ആരോപണം. നിയമ വ്യവഹാരത്തില്‍ തീര്‍പ്പുണ്ടാകും വരെ ഒരു തരത്തിലുള്ള തിരിച്ചടവും നടത്തില്ലെന്നാണ് കമ്പനി പറയുന്നത്. പലിശയിനത്തില്‍ 40 മില്യണ്‍ അടക്കേണ്ട അവസാന തീയതിയില്‍ എത്തിനില്‍ക്കേ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈജുസ് ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചത്.

ആഗോള തലത്തിലെ പ്രമുഖരായ 21 സ്ഥാപന നിക്ഷേപകർ അടങ്ങുന്ന, വായ്പാദാതാക്കളുടെ സംഘം ബൈജുസിന്‍റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി പ്രശ്നം പരിഹരിക്കാന്‍ ബൈജുസുമായി ക്രിയാത്മക ചര്‍ച്ച നടത്തി. ഉത്തമ വിശ്വാസത്തില്‍ ഇത് തുടരാന്‍ തയാറാണെങ്കിലും കമ്പനി മനഃപൂർവ്വം തിരിച്ചടവ് മുടക്കുന്ന സാഹചര്യത്തില്‍ കരാർ നടപ്പിലാക്കുന്നതിന് വായ്പാദാതാക്കള്‍ക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും തങ്ങളില്‍ നിക്ഷിപ്തമാണെന്നും ഇവര്‍ വിശദീകരിക്കുന്നു.

വായ്പാ പോർട്ട്ഫോളിയോയുടെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയ റോസ്‍വുഡ് ഇരപിടിക്കല്‍ സ്വഭാവത്തില്‍ പല തന്ത്രങ്ങളും പയറ്റിയെന്നും അവരെ അയോഗ്യമാക്കണമെന്നും ബൈജുസിന്‍റെ ഹർജിയില്‍ പറയുന്നുണ്ട്. ധനപരമല്ലാത്തതും സാങ്കേതികവുമായ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരിച്ചടവ് വേഗത്തിലാക്കണമെന്ന് വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടെന്ന് കമ്പനി വാദിക്കുന്നു.

യുഎസ് ആസ്ഥാനമായ തങ്ങളുടെ ഉപകമ്പനി ബൈജുസ് ആൽഫയുടെ മാനെജ്മെന്‍റ് നിയന്ത്രണം ഉള്‍പ്പടെയുള്ള സമ്മർദങ്ങള്‍ അടിച്ചേല്‍പ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ടേം ലോൺ ബി-യുടെ ഭാഗമായി ഫണ്ട് ലഭ്യമായിട്ടുള്ള ബൈജുസ് ആല്‍ഫക്കെതിരേ നേരത്തേ വായ്പാദാതാക്കളും കോടതിയെ സമീപിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണെന്നും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ വായ്പാദാതാക്കള്‍ തയാറായാല്‍ തിരിച്ചടവുകള്‍ക്ക് തയാറാണെന്നും ഇതിനുള്ള ശേഷിയുണ്ടെന്നുമാണ് ബൈജുസ് വിശദീകരിക്കുന്നത്. 

Tags:    

Similar News