എല്ലാവർക്കും ഐഫോൺ 17 വേണം; മൂല്യം കുതിച്ച് ആപ്പിൾ
ഐഫോൺ ഡിമാൻഡ് കുതിച്ചുയർന്നു. ആപ്പിൾ മൂല്യം നാലു ലക്ഷം കോടി ഡോളറിലേക്ക്.
ഐഫോൺ ഡിമാൻഡ് കുതിച്ചുയർന്നു. ആപ്പിൾ മൂല്യം നാലു ലക്ഷം കോടി ഡോളറിലേക്ക്.ആപ്പിൾ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിച്ചതോടെ ആപ്പിളിൻ്റെ വിപണി മൂല്യവും കുതിക്കുന്നു. 4ലക്ഷം കോടി ഡോളറിനടുത്തേക്കാണ് വിപണി മൂല്യം കുതിച്ചത്. പുതിയ ഐഫോൺ മോഡലുകൾക്ക് ചൈനയിലും യുഎസിലുമുണ്ടായ ഡിമാൻഡാണ് ഓഹരികളിലെ കുതിപ്പിന് കാരണം. ആപ്പിൾ പോസിറ്റീവ് പ്രവർത്തനങ്ങൾ തുടരുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഐഫോൺ 17 സീരീസ് മുൻ മോഡലുകളേക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്. ചൈനയിലും യുഎസിലും ആദ്യ 10 ദിവസങ്ങളിൽ തന്നെ ഐഫോൺ 16 സീരീസിനേക്കാൾ 14 ശതമാനം അധിക വിൽപ്പനയാണ് പുതിയ മോഡലിന് ലഭിച്ചത്.
ആപ്പിളിൻ്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് 262.9 ഡോളറിലെത്തിയതോടെ കമ്പനി വിപണി മൂല്യം ഏകദേശം 3.9 ലക്ഷം കോടി ഡോളറിലെത്തി. ഇതോടെ എഐ ചിപ്പ് കമ്പനിയായ എൻവിഡിയയ്ക്ക് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി ആപ്പിൾ മാറി. ചുരുങ്ങിയ കാലയളവിൽ തന്നെ ആപ്പിൾ പ്രതീക്ഷകൾ മറികടക്കുമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു.
ചൈനയിൽ ഐഫോൺ 17 ഓൺലൈൻ ഓർഡർ ആരംഭിച്ചത് അടുത്തിടെയാണ്. ഈ വിൽപ്പന ഡിസംബർ പാദത്തിന് നേട്ടമായേക്കും എന്നാണ് നിരീക്ഷണം. സെപ്റ്റംബറിലാണ് പുതിയ ഐഫോൺ മോഡലുകൾ ആപ്പിൾ സെപ്റ്റംബറിൽ പുറത്തിറക്കിയത്. ഏറ്റവും മികച്ച ഐഫോൺ മോഡലുകൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.
ചൈനയുടെ കടുത്ത മത്സരവും, ചൈന, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ ഉയർന്ന യുഎസ് താരിഫുകൾ കമ്പനി എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലെ അവ്യക്തതയും ഈ വർഷം ആദ്യം ആപ്പിളിന്റെ ഓഹരികളെ ബാധിച്ചിരുന്നു. എന്നാൽ പുതിയ നിക്ഷേപത്തിന് ശേഷം ഓഹരി വില ഉയർന്നു തുടങ്ങിയിരുന്നു.
