യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി വര്‍ധിച്ചു

  • കഴിഞ്ഞമാസം യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവ്
  • ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്

Update: 2025-06-17 04:02 GMT

ട്രംപിന്റെ താരിഫ് ഭീഷണി ഉയരുന്ന സാഹചര്യത്തിലും യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി വര്‍ധിച്ചു. മെയ് മാസത്തില്‍ കയറ്റുമതി 17ശതമാനം വര്‍ധിച്ച് 8.83 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം ഇറക്കുമതി 5.76 ശതമാനം കുറഞ്ഞ് 3.62 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-മെയ് കാലയളവില്‍, യുഎസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 21.78 ശതമാനം വര്‍ദ്ധിച്ച് 17.25 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ കാലയളവില്‍ ഇറക്കുമതി 25.8 ശതമാനം വര്‍ധിച്ച് 8.87 ബില്യണ്‍ ഡോളറിലെത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു.

സ്റ്റീല്‍, അലുമിനിയം, ഓട്ടോ പാര്‍ട്സ് എന്നിവയ്ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയുടെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യ യുഎസിലേക്ക് സ്റ്റീല്‍, അലുമിനിയം എന്നിവ വലിയ അളവില്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് വാണിജ്യ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

എല്ലാ രാജ്യങ്ങള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്ക് ഏകീകൃത തീരുവയുണ്ട്, അതിനാല്‍ ഈ മേഖലയില്‍ വലിയ പോറല്‍ ഒന്നും ഏറ്റിട്ടില്ല. എന്നാല്‍ ഇത് വളരെക്കാലം തുടര്‍ന്നാല്‍ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ചില രാജ്യങ്ങള്‍ക്ക് ഈ തീരുവയില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ അത് ഇന്ത്യന്‍ കളിക്കാരെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 25 ശതമാനം താരിഫാണ് ചുമത്തിയിട്ടുള്ളത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്.

ഇന്ത്യയുടെ മറ്റൊരു പ്രധാന വ്യാപാര പങ്കാളിയായ ചൈനയിലേക്കുള്ള കയറ്റുമതി മെയ് മാസത്തില്‍ 25 ശതമാനം വര്‍ധിച്ച് 1.64 ബില്യണ്‍ ഡോളറായും ഏപ്രില്‍-മെയ് മാസങ്ങളില്‍ 18.75 ശതമാനം വര്‍ധനയോടെ 3.04 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

അതേസമയം ചൈനയില്‍ നിന്നുള്ള ഇറക്കുമതി മെയ് മാസത്തില്‍ 21.16 ശതമാനം ഉയര്‍ന്ന് 10.31 ബില്യണ്‍ ഡോളറിലെത്തി, ഏപ്രില്‍-മെയ് മാസങ്ങളില്‍ 24.23 ശതമാനം ഉയര്‍ന്ന് 20.22 ബില്യണ്‍ ഡോളറിലെത്തി.

മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ പോസിറ്റീവ് വളര്‍ച്ച കൈവരിച്ച രാജ്യങ്ങളില്‍ സിംഗപ്പൂര്‍, ജര്‍മ്മനി, ഓസ്ട്രേലിയ, ബെല്‍ജിയം, കൊറിയ, റഷ്യ എന്നിവയും ഉള്‍പ്പെടുന്നു.

എന്നാല്‍ മെയ് മാസത്തില്‍ യുഎഇ, നെതര്‍ലാന്‍ഡ്സ്, യുകെ, ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഫ്രാന്‍സ്, മലേഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞു. 

Tags:    

Similar News