സൂക്ഷിക്കുക....തക്കാളിയും മോഷ്ടിക്കപ്പെടും!

  • കര്‍ഷകയുടെ നഷ്ടം രണ്ടരലക്ഷം
  • വിലകുറയാത്ത സാഹചര്യത്തില്‍ ഉപഭോഗം കുറയ്ക്കുന്നു
  • എന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാനാവുന്നില്ല

Update: 2023-07-06 09:23 GMT

രാജ്യത്ത് തക്കാളിവില കുതിച്ചുയര്‍ന്നത് ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ഉണ്ടാക്കുന്നത്. വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ക്കറ്റ് വിലയുടെ പകുതി നിരക്കില്‍ പ്രത്യേക സംവിധാനങ്ങള്‍ വഴി തക്കാളി വില്‍ക്കാനിറങ്ങി. എങ്കിലും പൊതു മാര്‍ക്കറ്റുകളില്‍ വില പിടിച്ചുനിര്‍ത്താനായിട്ടില്ല.

പ്രീമിയം പരിവേഷമാണ് ഇന്ന് തക്കാളിക്ക് കൈവന്നിരിക്കുന്നത്. അതോടെ ഇത് വീടുകളിലേക്ക് വാങ്ങുന്നതിന്റെ അളവ് കുറഞ്ഞു. എന്നിട്ടും കുലുക്കമില്ലാതെ വിപണികള്‍ കീഴടക്കി തക്കാളി മുന്നേറുന്നു. ഷെയര്‍മാര്‍ക്കറ്റ് നിരീക്ഷിക്കുന്ന ഗൗരവത്തോടെയും പക്വതയോടെയുമാണ് പലരും പച്ചക്കറിവില ഇപ്പോള്‍ നിരീക്ഷിക്കുന്നത്. പ്രീമിയം കാറ്റഗറിയിലേക്ക് സ്വയം നടന്നുകയറിയ തക്കാളി വിലയുടെ മെച്ചത്തില്‍ പലരുടെയും നോട്ടപ്പുള്ളിയുമായി.

വിലയേറിയ വസ്തുക്കള്‍ മോഷ്ടാക്കള്‍ കവരുന്നത് അതിന്റെ മൂല്യവും വിറ്റഴിച്ചാല്‍ കിട്ടുന്ന പണവും ലക്ഷ്യമിട്ടാണ്. കാലാകാലങ്ങളില്‍ മോഷണത്തിന്റെ രീതികള്‍ തന്നെ മാറിമറിഞ്ഞു.

ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു മോഷണത്തിന്റെ വാര്‍ത്ത ഏവരെയും അത്ഭുതപ്പെടുത്തുന്നു. അവസാനം മോഷ്ടാക്കള്‍ തക്കാളിത്തോട്ടത്തിലുമെത്തി.

സംഭവം നടന്നത് കര്‍ണാടകത്തിലെ ഹസന്‍ ജില്ലയിലാണ്. തന്റെ കൃഷിയിടത്തില്‍നിന്ന് 2.5 ലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചതായായി കര്‍ഷകയായ ധരണി പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഹളീബീടു പോലീസ് സ്റ്റേഷനിലാണ് അവര്‍ പരാതി നല്‍കിയിട്ടുള്ളത്. ബെംഗളൂരുവില്‍ തക്കാളിക്ക് കിലോ 120 രൂപയില്‍ കൂടുതലാണ് വില. വിള വെട്ടി വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് രണ്ടേക്കര്‍ സ്ഥലത്ത് തക്കാളി കൃഷി ചെയ്ത ധരണി പറഞ്ഞു.

''ബീന്‍സ് വിളവെടുപ്പില്‍ ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും തക്കാളി കൃഷി ചെയ്യാന്‍ വായ്പയെടുക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് നല്ല വിളവുണ്ടായിരുന്നു. വിലയും ഉയര്‍ന്നു. 50-60 ചാക്ക് തക്കാളി എടുത്തതിന് പുറമേ, ബാക്കിയുള്ള കൃഷിയും മോഷ്ടാക്കള്‍ നശിപ്പിച്ചു, ''ധരണി മാധ്യമങ്ങളോട് പറഞ്ഞു. പച്ചക്കറികളുടെ വില ഉയരുമ്പോള്‍ കൃഷിയിടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ട ഗതികേടിലേക്കാണ് കര്‍ഷകര്‍ നീങ്ങുന്നത്.

ഇപ്പോള്‍ തക്കാളിവില തീക്കളിയായി മാറുകയാണ്. രാജ്യത്ത് തക്കാളിവില ഇപ്പോഴും കുതിക്കുകയാണ്. ഡല്‍ഹിയിലെ സഫല്‍ സ്റ്റോറില്‍ തക്കാളി വില ബുധനാഴ്ച കിലോയ്ക്ക് 129 രൂപയില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചുവന്ന പച്ചക്കറി കഴിക്കുന്നത് നിര്‍ത്തണോ എന്നുവരെ ഉപഭോക്താക്കാള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തക്കാളി വില ബുധനാഴ്ച കിലോയ്ക്ക് 150 രൂപയായി ഉയര്‍ന്നു. ''പച്ചക്കറികളുടെ വില വളരെയധികം വര്‍ധിച്ചു. തക്കാളി കിലോയ്ക്ക് 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിലക്കയറ്റം മൂലം ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം', മൊറാദാബാദിലെ ഉപഭോക്താക്കള്‍ വാര്‍ത്താ ഏജന്‍സികളോയ് പ്രതികരിച്ചു.

പല സംസ്ഥാനങ്ങളിലും തക്കാളിക്ക് പുറമെ മറ്റ് പച്ചക്കറികള്‍ക്കും വില ഉയരുകയാണ്. മെയ് ആദ്യം കിലോയ്ക്ക് 40 രൂപയായിരുന്ന കോളിഫ്ളവറിന്റെ വില 60 രൂപയിലെത്തി. കാബോജ്, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News